ആധാരം സ്വയം എഴുത്ത്; അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥലോബി നീക്കം തുടങ്ങി
കൊല്ലം: ആധാരം സ്വയം എഴുതാമെന്ന സര്‍ക്കാര്‍ തീരുമാനം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയാകുമ്പോള്‍ നയം അട്ടിമറിക്കാന്‍ ചില ആധാരമെഴുത്തുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥലോബി നീക്കം തുടങ്ങി. ആധാരമെഴുത്തിന് കനത്ത ഫീസ് നല്‍കാതെ തന്നെ ഇടപാടുകള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നിരിക്കെ, രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ലോബിയാണ് നിയമത്തിനെതിരേ ആധാരമെഴുത്തുകാരെയും ബാങ്കുകളെയും അഭിഭാഷകരെയും ഇളക്കിവിടുന്നത്.
സ്വയം തയ്യാറാക്കപ്പെടുന്ന പ്രമാണങ്ങള്‍ക്കെതിരായ നിലപാടാണ് ബാങ്കുകളുടേതും. മൂന്നു ലക്ഷംമുതല്‍ അഞ്ചുലക്ഷംവരെയുള്ള ആധാരങ്ങള്‍ക്ക് 5000 രൂപയാണ് ആധാരമെഴുത്തുകാര്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളില്‍ എത്ര രൂപയാണെങ്കിലും 7500 രൂപ നല്‍കിയാല്‍ മതിയാകും. എന്നാല്‍, സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസാണ് ആധാരമെഴുത്തുകാര്‍ ഈടാക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങള്‍ക്ക് ഓരോ എട്ടു ലക്ഷത്തിനും 7500 രൂപ വീതം ഈടാക്കി പകല്‍കൊള്ള നടത്തുന്ന ആധാരമെഴുത്തുകാരുമുണ്ട്.
ആധാരം ചെയ്യുന്നതിനൊപ്പം ചെയ്യേണ്ട മറ്റൊരു പ്രവൃത്തിയാണ് ഫയലിങ് ഷീറ്റ് തയ്യാറാക്കല്‍. ഇത് രണ്ടും ഒരുമിച്ച് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടപടിയുമായി മുന്നോട്ടുപോകാനാവു.
ഫയലിങ് ഷീറ്റ് പൂര്‍ത്തിയാക്കാതെ രജിസ്‌ട്രേഷന്‍ നടത്താന്‍ പാടില്ല. എന്നാല്‍ വര്‍ഷങ്ങളായി ഈ വ്യവസ്ഥ അട്ടിമറിക്കപ്പെടുന്നു. ആധാരം ചെയ്തു കഴിഞ്ഞാല്‍ ഫയലിങ് ഷീറ്റ് വൈകിയാലും ഇത് രജിസ്‌ട്രേഷന്‍ ചെയ്തുകൊടുക്കുന്നവരാണ് മിക്ക രജിസ്ട്രാര്‍-സബ് രജിസ്ട്രാര്‍ ഓഫിസുകളിലെയും ജീവനക്കാര്‍. ആധാരമെഴുത്തുകാര്‍ വന്‍ കൈക്കൂലി നല്‍കിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ഇത് തരപ്പെടുത്തുന്നത്. ഇത്തരത്തില്‍ കൈക്കൂലി നല്‍കാനുള്ള പണം ആധാരം ചെയ്യാനെത്തുന്നവരില്‍ നിന്നാണ് ഈടാക്കുന്നത്.
സബ് രജിസ്ട്രാര്‍, ക്ലാര്‍ക്ക്, പ്യൂണ്‍ തുടങ്ങിയവര്‍ക്കായി കൈക്കൂലി വീതം വച്ചുകൊടുക്കുകയാണ് രീതി. എന്നാല്‍ ഫയലിങ് ഷീറ്റ് പൂര്‍ത്തിയാക്കാതെതന്നെ എവിടെയും ആധാരം ചെയ്യാമെന്നാണ് നിലവിലെ അവസ്ഥ.
ഇത് നിയമവിരുദ്ധമായ നടപടിയാണെന്നു രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ആധാരത്തേക്കാള്‍ പ്രധാനമാണ് ഫയലിങ് ഷീറ്റ്. ആധാരം നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് കോപ്പി നല്‍കുന്നത് ഈ ഫയലിങ് ഷീറ്റ് പരിശോധിച്ചാണ്. ആധാരമെഴുത്തില്‍ ഏറ്റവും കൂടുതല്‍ ക്രമക്കേടും കൈക്കൂലിയും മറിയുന്നത് ഫയലിങ് ഷീറ്റ് തയ്യാറാക്കുന്നതിലൂടെയാണ്. സംസ്ഥാനത്ത് 25,000ത്തോളം ആധാരമെഴുത്തുകാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ആധാരം ചെയ്യുന്ന അഭിഭാഷകരുമുണ്ട്. 1958ലെ നിയമം വഴിയാണ് ആധാരമെഴുതുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയിത്. അഭിഭാഷകര്‍ക്ക് നിലവില്‍ ലൈസന്‍സിന്റെ ആവശ്യമില്ല. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്കാണ് ലൈസലന്‍സില്ലാതെ ആധാരം ചെയ്യാനാവുക. സ്വയം ആധാരമെഴുതാമെന്ന നിയമം വന്നതോടെയാണ് പ്രതിഷേധം ശക്തമായതും. ഭൂമാഫിയക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്ന് ആധാരമെഴുത്തുകാരുടെ സംഘടന ആരോപിക്കുന്നു. ആധാരമെഴുതാനുള്ള ഭാഷാശൈലിയും ക്ഷമയും ഇതുസംബന്ധിച്ച വ്യവസ്ഥകളും അറിഞ്ഞാല്‍ ആര്‍ക്കും എഴുതാനാവുമെന്നാണ് വിദഗ്ധാഭിപ്രായം.
ആധാരം രജിസ്റ്റര്‍ ചെയ്തതിനു ശേഷം വില്ലേജ് ഓഫിസില്‍ നടക്കുന്ന പോക്കുവരവാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. നിലവില്‍ ആധാരം രജിസ്റ്റര്‍ ചെയ്താല്‍ പോക്കു വരവു ചെയ്യുന്നതിന് മുപ്പതു ദിവസത്തെ കാലതാമസമെടുക്കും. ഒരു സര്‍വേ നമ്പരിലെ ഒരു സബ് ഡിവിഷന്‍ മാത്രമാണെങ്കിലേ വില്ലേജ് ഓഫിസര്‍ക്കു പോക്കുവരവു ചെയ്യാന്‍ അധികാരമുളളൂ. സബ് ഡിവിഷനുകളുടെ എണ്ണം കൂടിയാല്‍ പോക്കുവരവിനുളള അനുമതി താലൂക്ക് ഓഫിസില്‍ നിന്നു ലഭിക്കണം. എല്ലാ പോക്കുവരവുകള്‍ക്കുമുളള അധികാരം വില്ലേജ് ഓഫിസര്‍ക്കു നല്‍കിയാല്‍ ഒരളവുവരെ പ്രശ്‌നങ്ങള്‍ പരാഹരിക്കാനാകും. ആധാരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ത്തന്നെ ബന്ധപ്പെട്ട വസ്തുവിന്റെ വിവരങ്ങള്‍ വില്ലേജ് ഓഫിസിലും ഓണ്‍ലൈനായി കൈമാറിയാല്‍ പോക്കുവരവിന് വില്ലേജ് ഓഫിസില്‍ പോകുന്നതും ഒഴിവാക്കപ്പെടും. അതോടൊപ്പം ലൊക്കേഷന്‍ സ്‌കെച്ചു കൂടി ആധാരത്തിന്റെ ഭാഗമാക്കിയാല്‍ വില്ലേജോഫിസുകളെ ആശ്രയിക്കുന്നത് ഒരു പരിധിവരെ ഇല്ലാതാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."