മാരായമുട്ടം ടിപ്പര്‍ അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം കൈമാറി
നെയ്യാറ്റിന്‍കര: മാരായമുട്ടം ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി. ഇന്നലെ രാവിലെ 11 മണിയോടുകൂടി മന്ത്രി കടന്നപളളി രാമചന്ദ്രന്‍ മരിച്ച ബാലുവിന്റെയും വിപിന്റെയും വീട്ടിലെത്തിയാണ് നഷ്ടപരിഹാരതുകയായ 17.5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
ബാലുവിന്റെ അച്ഛന്‍ ബിനുകുമാറും വിപിന്റെ അമ്മ ഹരിതയും അത് ഏറ്റുവാങ്ങി. ചടങ്ങില്‍ പാറശാല എം.എല്‍.എ സി.കെ.ഹരീന്ദ്രനും നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലനും ബി.ജെ.പി നേതാവ് കരമന ജയനും പങ്കെടുത്തു.
സെപ്റ്റംബര്‍ 29നായിരുന്നു അപകടം നടന്നത്. പത്രവിതരണം കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന മാരായമുട്ടം കാവിന്‍പുറം ബിനുഭവനില്‍ ബിനുകുമാര്‍-ശ്രീകുമാരി ദമ്പതികളുടെ മകന്‍ ബാലു (20) , അരുവിപ്പുറം കാവുവിള വീട്ടില്‍ ബിജുവിന്റെ മകന്‍ വിപിന്‍ (19) എന്നിവരെ ക്വാറിയിലേയ്ക്ക് പോയ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും നാട്ടുകാര്‍ മൃതദേഹങ്ങളുമായി റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. കലക്ടര്‍ നേരിട്ടെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 17.5 ലക്ഷം രൂപ വീതം നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനിച്ചു. ഇതില്‍ അദാനി ഗ്രൂപ്പ് 10 ലക്ഷം രൂപയും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് നല്‍കുന്ന കരാറുകാര്‍ 25 ലക്ഷം രൂപയും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."