വിവരാവകാശം: തെറ്റായ മറുപടി നല്‍കിയ പ്രിന്‍സിപ്പലിനെതിരേ നടപടിയെടുക്കണമെന്ന്
പറവൂര്‍: പ്ലസ് ടു പ്രവേശനം സംബന്ധിച്ച് നല്‍കിയ വിവരാവകാശ അപേക്ഷക്ക് തെറ്റായി മറുപടി നല്‍കിയ സ്‌ക്കൂള്‍ പ്രിന്‍സിപ്പാളിനെതിരേ നടപടി ആവശ്യപ്പെട്ട് രക്ഷിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ബന്ധപ്പെട്ട ഉയര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വടക്കേക്കര മുറവന്തുരുത്ത് വലിയപുരക്കല്‍ വി.വി മനോജാണ് മകന്റെ സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട പരാതിക്കാരന്‍. പറവൂര്‍ എസ്.എന്‍.ഡി.പി യൂണിയന്റെ ഉടമസ്ഥതയിലുള്ള നന്ത്യാട്ടുകുന്നം എസ്.എന്‍.വി സംസ്‌കൃത ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനെതിരെയാണ് ആക്ഷേപം.
ഇതേ സ്‌ക്കൂളില്‍ പത്താംതരത്തില്‍ പഠിച്ചിരുന്ന തന്റെ മകന് മെറിറ്റില്‍ ലഭിച്ച പ്രേവേശനം, ഇഷ്ട വിഷയത്തിനായി സ്‌കൂള്‍ അധികൃതരുടെ ഉറപ്പോടെ ഉപേക്ഷിക്കുകയും സമുദായകോട്ടയിലോ മാനേജ്‌മെന്റ് സീറ്റിലോ ആവശ്യപ്പെട്ട വിഷയം നല്‍കാമെന്നു പറയുകയും ചെയ്തതായി മനോജ് പറയുന്നു. എന്നാല്‍ പ്രവേശനം നടത്തുന്ന സമയത്ത് തങ്ങളെ അറിയിക്കാതെ മകന്റെ മാര്‍ക്കും റാങ്ക് ലിസ്റ്റും മറികടന്ന് വന്‍തോതില്‍ കോഴപ്പണം വാങ്ങി മറ്റു വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയതായാണ് മനോജിന്റെ ആരോപണം.
ഇതുസംബന്ധിച്ചു നിജസ്ഥിതി അറിയാന്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയതിന് തെറ്റായ വിവരം നല്‍കി പ്രിന്‍സിപ്പല്‍ കബളിപ്പിക്കുകയായിരുന്നെന്നും രക്ഷിതാവ് പറഞ്ഞു.
തുടര്‍ന്ന് അപ്പീല്‍ അധികാരികളില്‍ നിന്നും ശരിയായ വിവരം ലഭിച്ചതോടെ തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു മനസിലായതോടെ മേലിലും ഇത്തരത്തില്‍ പ്ലസ്ടു പ്രവേശനകൊള്ള നടക്കരുതെന്നുകാട്ടിയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിനല്‍കിയതെന്ന് മനോജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."