ദേശീയപാതയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കഠിനംകുളം: പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിന് സമീപം ദേശീയപാതയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കന്യാകുമാരി പാകോട് മതിക്കാവിള തെന്നന്‍പറവിളയില്‍ പരേതനായ സെല്‍വരാജിന്റെയും മരിയതങ്കത്തിന്റെയും ഏക മകന്‍ വില്‍സെന്‍ (37) ആണ് മരിച്ചത്. ലോറിയുടെ ക്ലീനര്‍ മാര്‍ത്താണ്ഡം സ്വദേശി മോഹനനെ (38) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടയായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് എം-സാന്റുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് അതിവേഗതയില്‍ വന്ന ടെമ്പോവാനില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ചതോടെ ലോറി നിയന്ത്രണം വിടുകയായിരുന്നു. തോടിനെ മറികടക്കുന്ന പാലത്തിന്റെ കൈവരി തകര്‍ത്ത ലോറി ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. ഉഗ്രശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന അഡ്വ. അല്‍ത്താഫും സമീത്തെ ചായക്കടയിലുണ്ടായിരുന്ന ശ്യാമും ഓടിയെത്തി മംഗലപുരം പൊലിസിനെ വിവരമറിയിച്ചു. പൊലിസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇരുവരും സ്വാകാര്യ ആംബുലന്‍സ് വിളിച്ചു വരുത്തി പരുക്കേറ്റ ലോറി ക്ലീനര്‍ മോഹനനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് പോത്തന്‍കോട് സി.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസും കഴക്കൂട്ടം ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ വില്‍സന്റെ മൃതദേഹം പുറത്തെടുത്തത്. ലോറിയിലുണ്ടായിരുന്ന എം.സാന്റ് നീക്കം ചെയ്യാന്‍ കഴിയാതിരുന്നത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് പള്ളിപ്പുറം സി.ആര്‍.പി.എഫ് മുതല്‍ കണിയാപുരം ആലുംമൂട് വരെ ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. വില്‍സെന്റിന്റെ ഭാര്യ സിന്ധുമോള്‍ ഗര്‍ഭിണിയാണ്. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
വില്‍സെന്റും മോഹനനും രണ്ടാഴ്ച മുമ്പാണ് ജോലിക്ക് കയറിയതെന്നും തിരുവനന്തപുരത്തെ ഒരുസൈറ്റില്‍ എം-സാന്റുമായി പോകുകയായിരുന്നുവെന്നും ലോറിയുടമ ജാഫര്‍ബിന്‍സ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."