മലയോര ഹൈവേ: രൂപരേഖ നാല് മാസത്തിനകം നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
മുക്കം: മലയോര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മലയോര ഹൈവേ യാഥാര്‍ഥ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എം.എല്‍.എമാരായ ജെയിംസ് മാത്യു, എം.എം മണി, ജോര്‍ജ് എം തോമസ്, സി.കെ.ഹരീന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കുളള മറുപടിയിലാണ് പാത യാഥാര്‍ഥ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ നന്ദാരപടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ കടുക്കറ വരെയാണ് 1195 കിലോമീറ്റര്‍ നീളത്തില്‍ മലയോര ഹൈവേ സ്ഥാപിക്കുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് 2009 ജൂലൈ ആറിന് നാറ്റ്പാക് നിര്‍ദേശിച്ച അലൈന്‍മെന്റിന് അംഗീകാരവും നല്‍കി. മലയോര പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്ര കൂടുതല്‍ സുഗമമാക്കുന്നതിന് അനിവാര്യമായ മലയോര ഹൈവേക്ക് മുന്തിയ പരിഗണന നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നാറ്റ്പാക് രൂപരേഖ തയാറാക്കിയ പദ്ധതിക്കായി കാസര്‍ഗോഡ് ജില്ലയില്‍ നന്ദാരപടവ് മുതല്‍ ചിറ്റാരിക്കല്‍ ചെറുപുഴ വരെ 110 കിലോമീറ്ററും കണ്ണൂര്‍ ജില്ലയില്‍ ചെറുപുഴ മുതല്‍ അമ്പായത്തോട് വരെ 109 കിലോമീറ്ററും വയനാട് ജില്ലയില്‍ ബോയ്‌സ് ടൗണ്‍ മാനന്തവാടി മുതല്‍ അരുണപുഴ വരെ 96 കിലോമീറ്ററുമാണ് യാഥാര്‍ഥ്യമാക്കുക. വയനാട് ജില്ലയില്‍ ചൂരല്‍മല മുതല്‍ അരുണപുഴ വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം ഫോറസ്റ്റ് ഏരിയയാണ്. കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് മുതല്‍ കക്കാടംപൊയില്‍ വരെ 110 കിലോമീറ്ററും മലപ്പുറം ജില്ലയില്‍ അരുണപ്പുഴ തമ്പുരാട്ടി കല്ല് മുതല്‍ പൂക്കോട്ടുപാടം വരെ 101 കിലോമീറ്റര്‍ റോഡും പദ്ധതിയില്‍ വരും.
പാലക്കാട് ജില്ലയില്‍ പൊന്‍പാറ മുതല്‍ പന്തലാംപാടം വരെ 130 കിലോമീറ്ററും തൃശൂര്‍ ജില്ലയില്‍ പന്തലാംപാടം മുതല്‍ വെറ്റിലപ്പാറ വരെ ആറ് കി.മി റോഡും പാതയുടെ ഭാഗമാണ്. എര്‍ണാകുളത്ത് എളപ്ലാശേരി വരെ 104 കിലോമീറ്ററും ഇടുക്കിയില്‍ മുണ്ടക്കയം വരെ 166 കിലോമീറ്ററും കോട്ടയത്ത് പ്ലാച്ചേരി വരെ 24 കിലോമീറ്ററും പത്തനംതിട്ടയില്‍ 46 കിലോമീറ്ററും കൊല്ലം ജില്ലയില്‍ പ്ലാച്ചേരി മുതല്‍ കൊല്ലായില്‍ വരെ 64 കിലോമീറ്ററും തിരുവനന്തപുരത്ത് പാറശ്ശാല വരെ 75 കിലോമീറ്റര്‍ റോഡുമാണ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുക.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കാസര്‍ഗോസ് നന്ദാര പടവ് മുതല്‍ ചെറുപുഴ വരെ 33 കിലോമീറ്റര്‍ റോഡിന്റെ രൂപരേഖ തയ്യാറാക്കി ജില്ലാ ഫ്‌ലാഗ് ഷിപ്പ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പദ്ധതയില്‍ ഉള്‍പ്പെടുത്തി 135.70 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ഫെബ്രുവരി 20 ന് നല്‍കുകയും ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വളളിത്തോട് വരെ 59 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിന് 237.2 കോടിയുടെ ഭരണാനുമതിയും നല്‍കി. ഈ പ്രവൃത്തി നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."