എയര്‍പോര്‍ട്ടില്‍നിന്ന് എന്തുവാങ്ങിയാലും ഇരട്ടിവില; കണ്ടിട്ടും കാണാതെ അധികൃതര്‍...!
മലപ്പുറം: എയര്‍പോര്‍ട്ടില്‍ കച്ചവടക്കാരാണ് എല്ലാം തീരുമാനിക്കുന്നത്. കടയിലെ സാധനങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ ഇവിടെ ഒരു മാനദണ്ഡവുമില്ല. കമ്പനികള്‍ക്ക് എന്തുവില വേണമെങ്കിലും കവറിനുപുറത്ത് എഴുതിവെക്കാം. എത്രവിലയ്ക്കു വില്‍ക്കണമെന്നു തീരുമാനിക്കുന്നതു കച്ചവടക്കാരാണ്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനലിനുപുറത്താണ് എം.ആര്‍.പി (ചില്ലറ വില്‍പ്പനയുടെ പരമാവധി വില) എന്ന നിയമം 'ബാധകമല്ലാത്ത' സ്ഥലം. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്നതാകട്ടെ കൂടിയ വാടകയും. ഇതിനെതിരേ പ്രതികരിക്കുന്നവരെ കൂട്ടത്തോടെയെത്തുന്ന കച്ചവടക്കാര്‍ എതിര്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്.
എം.ആര്‍.പി രേഖപ്പെടുത്തിയ വിലയേക്കാള്‍ നൂറു ശതമാനത്തിലധികം വില വരെ ഇവിടെ ഈടാക്കുന്നുണ്ട്. അഞ്ചുരൂപയുടെ കടല മിഠായി മുതല്‍ മുകളിലേക്ക് എന്തുവാങ്ങിയാലും വില നൂറ് ശതമാനം അധികം നല്‍കണം. എയര്‍പേര്‍ട്ട് ചുറ്റുമതിലിനകത്ത് ഒരു റസ്റ്റോറന്റ് ഉള്‍പ്പടെ ഏഴു കടകളാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാത്തിന്റെയും സ്ഥിതി ഇതുതന്നെയാണ്. കടകളില്‍ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയോ നിയമാനുസൃതമായ ബില്ല് നല്‍കുകയോ പതിവില്ല. എം.ആര്‍.പി രേഖപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്ക് അതിനേക്കാള്‍ ഉയര്‍ന്ന വില ഈടാക്കാന്‍ പാടില്ലെന്നാണു നയമം. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുവരേ നിയമമുള്ളപ്പോഴാണ് ഈ പകല്‍കൊള്ള അരങ്ങു തകര്‍ക്കുന്നത്. വില അധികം വാങ്ങുന്നതിന്റെ ഒരു പങ്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ലഭിക്കുന്നതിനാലാണ് ഇവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതിനുപിന്നില്‍. അധിക വില ഈടാക്കില്ലെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ചൂഷണം ചെയ്യില്ലെന്നും എഴുതി നല്‍കിയാണ് കട ലേലത്തിനെടുക്കുന്നതെങ്കിലും ലേലം ലഭിക്കുന്നതോടെ എല്ലാം സൗകര്യപൂര്‍വം മറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."