ഫയര്‍ ഓഡിറ്റിങ്ങില്ല: മ്യൂസിയങ്ങള്‍ സുരക്ഷാ ഭീഷണിയില്‍
-വര്‍ഷങ്ങള്‍ പഴക്കമുള്ള വൈദ്യുതി കണക്ഷനുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്നു
എ.എസ്. അജയ്‌ദേവ്
തിരുവനന്തപുരം: ചരിത്ര പൈതൃകങ്ങള്‍ സംരക്ഷിക്കുന്ന സംസ്ഥാനത്തെ പ്രധാന മ്യൂസിയങ്ങള്‍ സുരക്ഷാ ഭീഷണിയില്‍. മ്യൂസിയങ്ങളില്‍ കൃത്യമായ ഫയര്‍ ഓഡിറ്റിങ് നടത്താന്‍ തയാറാകാത്തതാണ് കാരണം. ഒരു മ്യൂസിയവും സുരക്ഷിതമല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടത്.
ഡല്‍ഹി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലുണ്ടായ വന്‍ തീപിടിത്തത്തെ തുടര്‍ന്നാണ് കേരളത്തിലെ മ്യൂസിയങ്ങളില്‍ ഫയര്‍ ഓഡിറ്റിങ് നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. പഴക്കംചെന്ന വൈദ്യുതി കണക്ഷനുകളാണ് മിക്ക മ്യൂസിയങ്ങളിലുമുള്ളത് എന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് മ്യൂസിയങ്ങള്‍ തീ പിടിക്കുന്നത്. ഓരോ വര്‍ഷവും ഫയര്‍ ഓഡിറ്റിങ് നടത്തണമെന്ന നിയമം ഒരു മ്യൂസിയത്തിലും നടപ്പാകുന്നില്ല.
കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കളും പൈതൃകമായി സംരക്ഷിക്കുന്ന അമൂല്യ വസ്തുക്കളുമാണ് ഈ മ്യൂസിയങ്ങളില്‍ സംരക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങളും വസ്തുക്കളും സംരക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നുണ്ട്.
കേരളത്തിലെ പ്രധാന മ്യൂസിയങ്ങളായ തിരുവനന്തപുരം നേപ്പിയര്‍, കിളിമാനൂര്‍ കൊട്ടാരം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം, ആര്‍ട്ട് ഗാലറി, കണ്ണൂരിലെ അറക്കല്‍ മ്യൂസിയം, തൃശൂരിലെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, വള്ളത്തോള്‍ മ്യൂസിയം, മ്യൂറല്‍ ആര്‍ട്ട് മ്യൂസിയം, തൃപ്പൂണിത്തുറ ഹില്‍ പാലസ്, കോഴിക്കോട് ഇന്ത്യന്‍ ബിസിനസ് മ്യൂസിയം, പഴശ്ശിരാജ ആര്‍ക്കിയോളജി മ്യൂസിയം, ആലപ്പുഴ കൃഷ്ണപുരം പാലസ്, മലപ്പുറം ടീക്ക് മ്യൂസിയം, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവ ഫയര്‍ ഓഡിറ്റിങ് നടത്താത്തതു മൂലം അപകടാവസ്ഥയിലാണ്.
കൂടാതെ പൈതൃക സ്വത്തുക്കളായി സംരക്ഷിക്കുന്ന സംസ്ഥാനത്തെ വിവിധ കൊട്ടാരങ്ങളും സുരക്ഷാ ഭീഷണിയിലാണ്. തീ പിടിത്തത്തെ നേരിടുന്നതിനുള്ള ഫയര്‍ എക്്സ്റ്റിംഗ്യൂഷറുകള്‍, മണല്‍, വെള്ളം എന്നിവ സൂക്ഷിക്കാത്ത മ്യൂസിയങ്ങളുമുണ്ട്. എന്നാല്‍ തീ അണയ്ക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ വന്നിട്ടും അതൊന്നും മ്യൂസിയങ്ങളില്‍ ഉപയോഗിക്കുന്നില്ല. ഓരോ വര്‍ഷവും ഫയര്‍ ഓഡിറ്റിങ് നടത്തണമെന്നിരിക്കെ അതും നടക്കുന്നില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ പറയുന്നു.
കാലപ്പഴക്കംചെന്ന ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളാണ് തലസ്ഥാനത്തെ മിക്ക മ്യൂസിയങ്ങളിലുമുള്ളത്. പഴയരീതിയിലുള്ള കൊട്ടാരങ്ങള്‍, മ്യൂസിയങ്ങളുടെ കെട്ടിടങ്ങള്‍ എന്നിവ തടികള്‍കൊണ്ടു തീര്‍ത്തതും ചെറിയ ഓടുകൊണ്ടു മേഞ്ഞതുമാണ്. നിലവിലെ കാലാവസ്ഥ ഈ കെട്ടിടങ്ങള്‍ക്കു പ്രതികൂലമാണെന്ന് അധികൃതര്‍ തന്നെ വിലയിരുത്തിയിട്ടുമുണ്ട്. പഴക്കം ചെന്ന വൈദ്യുതി കണക്ഷനായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാനിടയുമുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരം മ്യൂസിയത്തിലെ ആര്‍ട്ട് ഗ്യാലറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തീ പിടിത്തത്തില്‍ രാജാ രവിവര്‍മയുടേതടക്കം നിരവധി ചിത്രങ്ങളാണ് അന്ന് കത്തി നശിച്ചത്. നേപ്പിയര്‍ മ്യൂസിയത്തിലെ പുരാവസ്തുക്കള്‍ സംരക്ഷിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തിയിരുന്നു.
ഇതേതുടര്‍ന്ന് പുരാവസ്തുക്കളുടെ ഓഡിറ്റിങ് നടത്തുകയും ചെയ്തു. എന്നാല്‍ ഇവിടെയൊന്നും ഫയര്‍ ഓഡിറ്റിങ് നടത്താന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."