ഇടപ്പള്ളി ടോളിലെ ക്രോസിങ്ങ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് തുറക്കും
കളമശ്ശേരി: ഇടപ്പള്ളി ടോളിലെ ക്രോസിങ്ങ് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്നു രാവിലെ മുതല്‍ തുറക്കും. 30 വരെ തുറന്നു നല്‍കാനാണ് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ കൂടിയ ബന്ധപ്പെട്ടവരുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. 10 ദിവസത്തിനകം ഇടപ്പള്ളി ടോളില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സൗകര്യമൊരുക്കും.
ഇടപ്പള്ളി മേല്‍പാലം തുറന്നതോടെ അടച്ച ഇടപ്പള്ളി ടോളിലെ ക്രോസിങ് തുറക്കണമെന്ന് വിവിധ സംഘടനകളില്‍ നിന്നും രാഷട്രീയ പാര്‍ട്ടികളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് സംഘടനകള്‍ ഇടപ്പള്ളി ടോളില്‍ സമരം നടത്തിയതിനേ തുടര്‍ന്നാണ് കലക്ടര്‍ യോഗം വിളിച്ചതും നടപടി സ്വീകരിച്ചത്.
ക്രോസിങ്ങ് തുറക്കുന്നതോടെ ഇടപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പുക്കാട്ടുപടി റോഡിലേക്കും പുക്കാട്ടുപടി ദാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് നോര്‍ത്ത് കളമശ്ശേരി ഭാഗത്തേക്കും തിരിയാനാകും. ഇടപ്പള്ളി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തിരിയുന്നിടത്ത് റോഡരികിലുള്ള പുറമ്പോക്ക് ഭൂമി കൂടി ഉപയോഗപ്പെടുത്തി കൂടുതല്‍ സൗകര്യമൊരുക്കും. ഈ ഭാഗത്ത് തുറന്നു കിടക്കുന്ന കാനകള്‍ സ്ലാബിട്ട് മൂടി ഫുട്പാത്ത് നിര്‍മിക്കും.
ഇടപ്പള്ളി മേല്‍പാലത്തിനടിയിലെ യു ടേണ്‍ ഭാഗത്ത് വീതി കൂട്ടി ടാര്‍ ചെയ്യും. ഇടപ്പള്ളി ടോളിലെ വി.പി മരക്കാര്‍ റോഡിനടുത്തുള്ള ഓട്ടോസ്റ്റാന്‍ഡ് ആലുവ ഭാഗത്തോക്കുള്ള ബസ് സ്റ്റോപിനു സമീപത്തേക്ക് മാറ്റും. വി.പി മരക്കാര്‍ റോഡിലെ ഇരുചക്രവാഹന പാര്‍ക്കിങ്ങ് ഒഴിവാക്കും. ഇടപ്പള്ളി പള്ളിക്കു മുന്നിലെ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പഴയതുപോലെ ഇടപ്പള്ളി കവലയിലേക്ക് മാറ്റാനും തീരുമാനമായി.
ക്രോസിങ്ങ് തുറക്കുന്നതോടെ ഈ ഭാഗത്ത് ഗതാഗതപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്നും ബന്ധപ്പെട്ടവര്‍ നിരീക്ഷിക്കും. റോഡ് ഗതാഗതം സുഗമമെന്നു കണ്ടാല്‍ ക്രോസിങ്ങ് അടയ്ക്കുകയില്ല. എന്നാല്‍ ഈ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെടുകയോ സ്തംഭിക്കുകയോ ചെയ്താല്‍ ക്രോസിങ്ങ് അടക്കാനാണ് തീരുമാനം.
ജില്ലാ കലക്ടറെ കൂടാതെ കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍, വി.എ സക്കീര്‍ ഹുസൈന്‍, പി.എം വീരാക്കുട്ടി, എം.പി അഷറഫ് മൂപ്പന്‍, പി.എം.എ ലത്തീഫ്, കെ.കെ ജയപ്രകാശ്, ആര്‍.ടി.ഒ സാദിഖലി, ട്രാഫിക് സി.ഐ സി.കെ ബിജോയ് ചന്ദ്രന്‍, ഡി.എം.ആര്‍.സി, കെ.എംആര്‍.എല്‍ വ്യാപാരി വ്യവസായി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."