ലതാ നന്ദകുമാറിനെതിരേ പള്ളുരുത്തി സ്റ്റേഷനിലും പരാതി
മട്ടാഞ്ചേരി: കരാറുകാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ആലുവ പൊലിസിന്റെ പിടിയിലായ ഏരൂര്‍ സ്വദേശിനി ലതാ നന്ദകുമാറിനെതിരേ പള്ളുരുത്തി സ്റ്റേഷനിലും പരാതി. കുമ്പളങ്ങി സ്വദേശി സിബി ജോര്‍ജാണ് സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. സിബിയുടെ പതിനൊന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം മറിച്ച് വിറ്റതായാണ് പരാതി.
കെട്ടിട നിര്‍മാണ കരാറുകാരനായ സിബിയുടെ നിര്‍മാണ സാമഗ്രികളായ 446 ഷട്ടര്‍, 190 ജാക്കി, 90 സ്പാനുകള്‍ എന്നിവയാണ് ലത വാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റത്. എറണാകുളത്ത് തന്റെ ജോലി നടക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്തത്രേ. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് തിരിച്ച് കിട്ടിയില്ലന്ന് സിബി പറയുന്നു. ഇതിനിടയിലാണ് സമാനമായ തട്ടിപ്പിന് ലത പിടിയിലാകുന്നത്.
ഉദയംപേരൂര്‍, തൃപ്പൂണിത്തുറ, മരട്, പനങ്ങാട് പൊലിസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുള്ളതായാണ് വിവരം. വിറ്റ സാധനങ്ങള്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ഏകദേശം ഒരു കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലിസ്. സിബിയുടെ പരാതിയില്‍ പള്ളുരുത്തി പൊലിസാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."