തീരദേശ മേഖലയിലെ മണല്‍ കൊള്ള; പൊലിസും, റവന്യൂ അധികൃതരും രംഗത്തെത്തി
കൊടുങ്ങല്ലൂര്‍: തീരദേശ മേഖലയിലെ മണല്‍ കൊള്ളക്കെതിരേ പൊലിസും, റവന്യൂ അധികൃതരും ശക്തമായ നടപടികളുമായി രംഗത്ത് ഇറങ്ങി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരമേഖലയിലെ മൂന്നിടങ്ങളില്‍ നിന്നായി പൊലിസ് പിടികൂടിയത് 200 ടണ്‍ മണലും, 11 ലോറികളും. അഴീക്കോട് അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനാണ് തുറമുഖ വകുപ്പ് മണല്‍ വാരല്‍ സഹകരണ സംഘങ്ങള്‍ക്ക് പാസുകള്‍ അനുവദിച്ചത്. എന്നാല്‍ ഈ പാസുകള്‍ ഉപയോഗിച്ച് പുഴയിലെ മറ്റ് പല ഭാഗങ്ങളില്‍ നിന്നുമാണ് വ്യാപകമായ തോതില്‍ മണലൂറ്റല്‍ നടന്നുകൊണ്ടിരിക്കുന്നത്. നാല് സഹകരണ സംഘങ്ങള്‍ക്ക് ദിവസം അഞ്ച് പാസുകള്‍ വീതമാണ് തുറമുഖ വകുപ്പ് വിതരണം ചെയ്യുന്നത്. ഒരു പാസില്‍ മൂന്ന് ടണ്‍ മണല്‍ എടുക്കുവാനാണ് അനുവാദം. എന്നാല്‍ ഓരോ പാസിലും 25 മുതല്‍ 30 ടണ്‍ വരെ മണല്‍ ആണ് കൊണ്ടുപോകുന്നത്.
അഴീക്കോട് അഴിമുഖത്തും ഫെറി ചാലിലും അടിഞ്ഞുകൂടുന്ന മണല്‍ ഒഴിവാക്കുന്നതിന് തുറമുഖ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മണല്‍ പാസുകള്‍ നല്‍കുമ്പോഴും ഫെറിയിലെ രണ്ട് ജെട്ടികളിലും മണല്‍ അടിഞ്ഞുകൂടി ഫെറിയിലെ ജങ്കാര്‍ സര്‍വിസ് സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. നിര്‍ദ്ദിഷ്ട കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ കപ്പല്‍ ചാലിന് വേണ്ടി കോടികള്‍ ചിലവഴിച്ച് ഡ്രഡ്ജിങ് നടത്തി ശേഖരിച്ച മണല്‍ പോലും മുഴുവനായും മണല്‍മാഫിയ കടത്തി കൊണ്ടുപോയി.
പൂച്ചക്കടവ് പ്രദേശത്ത് കപ്പല്‍ നിര്‍മാണ ശാലക്കായി 20 ഏക്കര്‍ ഭൂമി ഈ മണല്‍ ഉപയോഗിച്ച് നികത്തിയെടുക്കാനുള്ള പദ്ധതിയാണ് ഇതോടെ തകിടം മറിഞ്ഞത്. മണല്‍ മാഫിയക്കും മണല്‍ കടത്തിനുമെതിരേ പ്രദേശത്ത് വലിയതോതിലുള്ള ജനവികാരം ഉയര്‍ന്നുവരികയും അധികൃതര്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നുള്ള സൂചനകളും പുറത്തുവന്നതോടെ കുറച്ചു കാലത്തേക്കെങ്കിലും മണല്‍ കടത്തിന് നേരിയ തോതില്‍ കുവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."