മാനേജ്‌മെന്റ് അടച്ചുപൂട്ടിയ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠനം ആശങ്കയില്‍
കൊണ്ടോട്ടി: സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിന്റെ പ്രവര്‍ത്തനം പരിമിതികളുടെ നടുവില്‍ ആശങ്കയോടെ. എട്ടര പതിറ്റാണ്ടു മങ്ങാട്ടുമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍.പി.സ്‌കൂള്‍ ലാഭകരമല്ലെന്നു ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണു സ്‌കൂള്‍ കഴിഞ്ഞ ജൂണ്‍ എട്ടിന് അടച്ചുപൂട്ടിയത്.
തുടര്‍ന്നാണു ജൂണില്‍ പുതിയോടത്ത് പറമ്പിലെ ഇഹ്‌യാ ഉല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസ കെട്ടിടത്തിലേക്കു സ്‌കൂള്‍ മാറ്റിയത്. എന്നാല്‍ പരിമിതികളോടെയുള്ള സ്‌കൂളിന്റെ ദൈനംദിന പ്രവൃത്തികളെല്ലാം അവതാളത്തിലായി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു ജൂണില്‍ തന്നെ സര്‍ക്കാര്‍ വിജ്ഞാപനം കളക്ട്‌റേറ്റില്‍ എത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളൊന്നും നാലു മാസത്തിനിടെ നടന്നിട്ടില്ല. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വിദ്യാഭ്യാസ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും സംയുക്തമായ ഇടപെടലുകളാണ് ആവശ്യം.
അടച്ചു പൂട്ടിയ സ്‌കൂളിന്റെ രേഖകളും കംപ്യൂട്ടറടക്കമുള്ളവയും കൊണ്ടോട്ടി എ.ഇ.ഓഫിസിലാണ്. കുട്ടികളുടെ ഹാജര്‍ രേഖപ്പെടുത്താന്‍ വരെ അധ്യാപകര്‍ സമാന്തര മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. എ.ഇ.ഒ മുഖേനയാണ് അധ്യാപകരുടെ ശമ്പള വിതരണം നടക്കുന്നത്. കാലപ്പഴക്കമുള്ള സ്‌കൂളായതിനാല്‍ ദിനേന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കം തേടി എത്തുന്നവര്‍ രേഖകള്‍ തേടി കൊണ്ടോട്ടി എ.ഇ.ഓഫിസിലെത്തേണ്ട അവസ്ഥയാണ്. സ്‌കൂളിന് മതിയായ സ്റ്റാഫ് റൂം, ടോയ്‌ലറ്റ്, കഞ്ഞിപ്പുര എന്നിവയില്ലെന്നാണ് നിലവിലെ അവസ്ഥ.
മദ്‌റസ പരിസരത്തു വിദ്യാര്‍ഥികള്‍ക്കു കളിമുറ്റമടക്കമില്ലാത്തത് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ക്ലാസുകളില്‍ ചുമര്‍ചിത്രങ്ങളടക്കം തൂക്കിയിടാനുളള സൗകര്യങ്ങളില്ല. രണ്ടു കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും സ്‌കൂളിനായി ഉണ്ടെങ്കിലും ഇതു പ്രയോജനപ്പെടുത്താനാകുന്നില്ല. ഇതുവഴിയുളള ക്ലാസുകളും കുട്ടികള്‍ക്കു നഷ്ടമാകുന്നു. കുട്ടികളുടെ സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ വിളിപ്പാട് അകലെയുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് എത്തേണ്ട അവസ്ഥയാണ്. സര്‍ക്കാര്‍ സ്ഥിരം കെട്ടിടം നിര്‍മിക്കുകയോ, മതിയായ പരിരക്ഷയില്‍ നിലവിലുള്ള സ്‌കൂള്‍ കെട്ടിടം വീണ്ടെടുക്കുകയോ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. സര്‍ക്കാര്‍ സ്‌കൂള്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് ഇതുവരെ യോഗങ്ങളൊന്നും വിളിച്ചു ചേര്‍ക്കാത്തതു സ്‌കൂള്‍ അധ്യാപകരേയും വിദ്യാര്‍ഥികളേയും ആശങ്കയിലാക്കിയിട്ടുണ്ട്.
1930ലാണു മങ്ങാട്ടുമുറി സ്‌കൂള്‍ സ്ഥാപിതമായത്. തീര്‍ത്തും മലയോരപ്രദേശമായ ഒളവട്ടൂര്‍, മങ്ങാട്ടുമുറി മേഖലയിലെ സാധാരണക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്‌കൂള്‍ കൂടിയാണിത്. 85 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്‌കൂളിനു 2009 ഓടെയാണ് അടച്ചുപൂട്ടല്‍ ഭീഷണി ഉണ്ടായത്. നിലവില്‍ സ്‌കൂളില്‍ 72 വിദ്യാര്‍ഥികളും അഞ്ചു അധ്യാപകരുമാണ് ഉള്ളത്. കഴിഞ്ഞദിവസം ഒന്നാംക്ലാസിലേക്ക് 18 കുട്ടികള്‍ ചേര്‍ന്നിരുന്നു.
സ്‌കൂളിന്റെ മൂന്നുകിലോമീറ്ററോളം ചുറ്റളവില്‍ പ്രൈമറി സ്‌കൂളുകളില്ലാത്തതിനാല്‍ സാധാരണക്കാരായവരുടെ മക്കളാണ് ഇവിടെ വിദ്യതേടിയെത്തുന്നത്. സ്‌കൂളിന് സര്‍ക്കാര്‍ പരിരക്ഷ ലഭിച്ചില്ലെങ്കില്‍ വരും വര്‍ഷം വിദ്യാര്‍ഥികള്‍ കുറയുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."