ജില്ലയില്‍ നെല്ല് സംഭരണം തുടങ്ങി
ഒലവക്കോട്: ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 11 മില്ലുകളും എറണാകുളം ജില്ലയിലെ 31 മില്ലുകളുമാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ധാരണ പത്രം ഒപ്പു വെച്ചത്. ഒന്നാം തിയ്യതി മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ 66,340 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും നെല്ല് സംഭരണം വൈകുകയായിരുന്നു. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതു സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറയുന്നതല്ലാതെ അതു സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലയില്‍ നെല്ലു സംഭരണത്തിനെത്തിയ ഒരു മില്ലുടമ പറഞ്ഞു.
നെല്‍കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി സംബന്ധിച്ച് സാക്ഷ്യപത്രം അതതു പഞ്ചായത്തിലെ കൃഷി ഓഫിസര്‍മാര്‍ ആണ് നല്‍കുന്നത്. പ്രദേശങ്ങളുടെ പ്രത്യേകത, കൃഷി ചെയ്ത ഇനം എന്നിവയുടെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നെല്ല് മുഴുവന്‍ നിശ്ചിത ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സപ്ലൈകോ സംഭരിക്കും.
കഴിഞ്ഞ സീസണില്‍ ജില്ലയില്‍നിന്നും 1,31,499.764 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചിരുന്നുവെന്നും മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നെല്ല് സംഭരിക്കുന്നതില്‍ കാലതാമസമുണ്ടായതു കര്‍ഷകര്‍ക്കു ദുരിതം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നു നില്‍ക്കെയാണ് സെപ്റ്റംബര്‍ അവസാനം ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചത്.
പാഡി പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റുമാരുടെ നിയമനത്തില്‍ വന്ന വീഴ്ചയും അവര്‍ നേരിട്ടെത്തി പരിശോധന നടത്തണമെന്നതും നെല്ലു സംഭരണത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. ചില പഞ്ചായത്തുകളില്‍ കൃഷി വകുപ്പില്‍നിന്നും സപ്ലൈകോയ്ക്ക് നല്‍കുന്ന കര്‍ഷകരുടെ വിവരങ്ങള്‍ കൈമാറുന്നതിലൂടെ കാലതാമസവും മില്ലുകളെ നെല്ലെടുക്കാന്‍ ചുമതലപ്പെടുത്തുന്നതു വൈകിപ്പിച്ചു.ഈയാഴ്ച തന്നെ ജില്ലയിലെ നെല്ലു സംഭരണം പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ് മില്ലുടമകള്‍. അടുത്ത ആഴ്ച തന്നെ പണം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."