വിവാദങ്ങളുടെ തോഴിയായ ബിജിമോള്‍ക്ക് ഒടുവില്‍ അച്ചടക്കത്തിന്റെ വാള്‍മുനയേറ്റ തരംതാഴ്ത്തല്‍
തൊടുപുഴ: എന്നും വിവാദങ്ങളുടെ തോഴിയായ ഇ.എസ് ബിജിമോള്‍ എം എല്‍ എയ്ക്ക് ഒടുവില്‍ അച്ചടക്കത്തിന്റെ വാള്‍മുനയേറ്റ തരം താഴ്ത്തല്‍.
മലയോര ജില്ലയായ ഇടുക്കിയില്‍ നിന്നും പാര്‍ട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന കൗണ്‍സില്‍ വരെയെത്തിയ കേരളം അറിയപ്പെടുന്ന വനിതാ നേതാവായ ബിജിമോള്‍ ഇനി ജില്ലാ എക്സിക്യൂട്ടീവ് അംഗം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് കരകയറിയപ്പോള്‍ മുതല്‍ ചോര്‍ന്നു തുടങ്ങിയ കരുത്തിന്റെ സ്വാഭാവിക പരിണാമം. തെരഞ്ഞെടുപ്പ് വേളയില്‍ ഇടുക്കിക്കൊരു മന്ത്രി എന്നു വരെ കരുതിയ സ്ഥാനത്തു നിന്നുമാണ് ഈ പതനം. വെട്ടൊന്ന് മുറി രണ്ട് എന്ന ശീലം ബിജിമോളെ പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരനായ റവന്യു മന്ത്രി കെ പി രാജേന്ദ്രന് നടത്തിയ പട്ടയമേളയില്‍, തോട്ടം തൊഴിലാളികളുടെ ദുരിതം അറിയിക്കാന്‍ കൊളുന്തുകുട്ടയേന്തി തൊഴിലാളി സ്ത്രീയുടെ വേഷത്തിലെത്തിയത് ഏറെ പൊല്ലാപ്പ് വരുത്തി. വഴി പ്രശ്നത്തിന്റെ പേരില്‍ എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തതിന് കേസിലും കുടുങ്ങി. എ കെ ആന്റ്ണി പ്രതിരോധ മന്ത്രിയായിരുന്ന സമയത്ത് തൊടുപുഴയില്‍ കാര്‍ഷിക മേളയുടെ ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ബിജിമോള്‍ എത്തിയത് ലൈഫ് ജാക്കറ്റ് അണിഞ്ഞാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്രെ തീവ്രത വ്യക്തമാക്കാന്‍ എന്നായിരുന്നു വിശദീകരണം.
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഇടുക്കിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ബിജിമോള്‍ എത്തിയത് വായ് മൂടിക്കെട്ടി. ഇങ്ങനെ ബിജിമോളുടെ മുന്‍പിന്‍ നോക്കാതെയുളള എടുത്തുചാട്ടം വിശദീകരിക്കാന്‍ സി.പി.ഐ നേതൃത്വം ഏറെ വിയര്‍ത്തു. സമരമുഖത്തായാലും ചടങ്ങുകളിലായാലും കൈയടി നേടാനുളള ബിജിമോളുടെ പ്രകടനങ്ങളെ സി.പി.എം പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. മന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതോടെ ഒരു വാരികയില്‍ വന്ന വികാരപ്രകടനങ്ങളാണ് ബിജിമോള്‍ക്ക് വിനയായത്. മന്ത്രിപദത്തിലേക്ക് തന്നെ കൈപിടിച്ചുയര്‍ത്താന്‍ 'ഗോഡ്ഫാദര്'മാരില്ലെന്ന് അവര്‍ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെയും കുടുംബത്തെയും കൂട്ടത്തോടെ കൊലപ്പെടുത്താന്‍ പീരുമേട് താലൂക്കില്‍ നിന്നുള്ള പ്രമുഖ നേതാവ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിച്ചത് സി.പി.ഐക്കാരെ മാത്രമല്ല. വിവാദങ്ങളുടെ പേരില്‍ ഇടുക്കി ജില്ലയിലെ പാര്ട്ടിയോഗങ്ങളില് ബിജിമോള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന് വിട്ടത്. അടുത്തയാഴ്ച ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ ബിജിമോള്‍ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്നാണു അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."