ഗോവയ്ക്ക് അവസാന ശ്വാസം
മുംബൈ: ഫുട്‌ബോള്‍ അരിനയില്‍ ജീവന്മരണ പോരാട്ടവുമായി ഇന്നു എഫ്.സി ഗോവ ഇറങ്ങുന്നു. ഇന്നും തോല്‍വി വഴങ്ങിയാല്‍ മൂന്നാം പതിപ്പിലെ കിരീട മോഹം പാതിവഴിയില്‍ തന്നെ ഗോവയ്ക്ക് ഉപേക്ഷിക്കാം. നിലവിലുള്ള റണ്ണേഴ്‌സ് അപ്പായ ഗോവ ഇതിനകം നാലു മത്സരങ്ങള്‍ പിന്നിട്ടു. ഒരു ജയം പോലുമില്ല. ആശ്വസിക്കാനാവട്ടെ കൊല്‍ക്കത്തയോട് നേടിയ ഏക സമനില മാത്രം. ഇതിലൂടെ ലഭിച്ച കേവലം ഒരു പോയിന്റുമായി ബ്രസീലിയന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന എഫ്.സി ഗോവ അവസാന സ്ഥാനത്ത് തുടരുകയാണ്. മുംബൈ സിറ്റി എഫ്.സിയോട് ഇന്നു ഗോവയ്ക്കു ജയിക്കാനായില്ലെങ്കില്‍ ഐ.എസ്.എല്ലിലെ തുടര്‍ച്ചയായ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഒന്നു പോലും ജയിക്കാന്‍ കഴിയാത്ത ആദ്യ ടീമെന്ന ചീത്തപ്പേരും ലഭിക്കും.
ടീമിന്റെ കൂട്ടത്തോല്‍വി പരിശീലകന്‍ സീക്കോയ്ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കഴിഞ്ഞ മത്സരങ്ങള്‍ എടുത്താല്‍ ഗോവന്‍ ടീം നന്നായി കളിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മത്സരങ്ങളില്‍ ഗോവയുടെ തോല്‍വി സ്വന്തം പിഴവില്‍ നിന്നാണെന്നും അല്ലാതെ എതിരാളികളുടെ മിടുക്കു കൊണ്ടല്ലെന്നുമാണ് സീക്കോ വിശ്വസിക്കുന്നത്. ഏഴു ഗോളുകളാണ് എതിരാളികള്‍ ഗോവയ്ക്ക് ഇതിനകം സമ്മാനിച്ചത്.
മുംബൈ സിറ്റി എഫ്.സി ഈ സീസണില്‍ ഉജ്ജ്വല ഫോമിലാണ്. അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം, രണ്ടു സമനില, ഒരു തോല്‍വിയുമായി എട്ടു പോയിന്റ് സ്വന്തമാക്കി. നിലവില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനു പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍. ഇതുവരെ മുംബൈ സിറ്റിയെ തോല്‍പ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനു മാത്രമാണു കഴിഞ്ഞത്. എന്നാല്‍ മുംബൈയെ കുഴക്കുന്നത് കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസുമായി സമനിലയില്‍ പിരിയേണ്ടി വന്നതാണ്. ആദ്യ പകുതിയില്‍ 2-0നും പിന്നീട് ഒരു ഘട്ടത്തില്‍ 3-1നും മുന്നിട്ടു നിന്ന മുംബൈ അവിശ്വസനീയമായി ഡല്‍ഹിയോട് സമനില വഴങ്ങുകയായിരുന്നു. ഈ മത്സരത്തിന്റെ ഹാങോവറില്‍ നിന്നു മുംബൈയുടെ കോസ്റ്ററിക്കന്‍ കോച്ച് അലക്‌സാണ്ടര്‍ ഗുമാറസ് മുക്തനായിട്ടില്ല. മുംബൈ തകര്‍ത്തു കളിച്ചുവെന്ന കാര്യത്തില്‍ ഗുമാറസിന് യാതൊരു സംശയവുമില്ല. ഗോളുകള്‍ക്കു പഞ്ഞമില്ലാത്ത മത്സങ്ങളാണ് ലീഗിനു ആവശ്യമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗോവയുടെ പോയിന്റ് പട്ടികയിലെ ദയനീയ സ്ഥാനത്തില്‍ മുംബൈ കോച്ച് ഗുമാറസിനും സഹതാപം.
അവര്‍ക്ക് അര്‍ഹമായ മത്സര ഫലം അല്ല ഉണ്ടായിരിക്കുന്നതെന്നാണ് ഗുമറസിന്റെ അഭിപ്രായം. എതിരാളികളോട് ധീരമായി പോരാടിയ ടീമാണ് ഗോവയെന്നും ആക്രമണ ഫുട്‌ബോള്‍ വിടാതെ പിന്തുടരുന്ന ഗോവയില്‍ നിന്നു അതു തന്നെയാണ് ഇന്നു പ്രതീക്ഷിക്കുന്നതെന്നും ഗുമറസ് പറഞ്ഞു. ആദ്യ സീസണിലും ഗോവയുടെ തുടക്കം ഇതേ രീതിയിലായിരുന്നു. രണ്ടാം സീസണില്‍ ഫൈനല്‍ വരെ എത്തുകയും ചെയ്തു. ഫുട്‌ബോളില്‍ എന്തുവേണമെങ്കിലും സംഭവിക്കാം. അപകടകരമായ ഗെയിമിനെ ആയിരിക്കും നേരിടേണ്ടി വരിക. ജാഗ്രത കൈവിടാതെ ഗോവയെ നേരിടുവാന്‍ ഒരുങ്ങിയെന്നും ഗുമറസ് കൂട്ടിച്ചേര്‍ത്തു.
മുംബൈയെ വിഷമിപ്പിക്കുന്ന യാഥാര്‍ഥ്യം മുന്‍നിരക്കാര്‍ ഗോളടിക്കാന്‍ മറന്നു പോകുന്നു എന്നതാണ്. ഡീഗോ ഫോര്‍ലാന്‍ പെനാല്‍റ്റി മുതലാക്കി ഒരു ഗോളടിച്ചു എന്നതൊഴിച്ചാല്‍ മറ്റൊരു ഫോര്‍വേര്‍ഡും ഗോളടിച്ചിട്ടില്ല. മുംബൈയ്ക്കു വേണ്ടി പ്രധാനമായും ഗോള്‍ നേടുന്നത് മധ്യനിരക്കാര്‍ അല്ലെങ്കില്‍ വിങുകളിലൂടെ കുതിച്ചെത്തുന്നവരാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ പരുക്കു മൂലം വിട്ടു നിന്ന മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍ ഇന്നു കളിക്കാനിറങ്ങും.
ഡല്‍ഹിക്കെതിരായ കടുപ്പമേറിയ മത്സരത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് അന്‍വര്‍ അലി, ലിയോ കോസ്റ്റ എന്നിവര്‍ ഉണ്ടാകില്ല. കഴിഞ്ഞ സീസണിലെ റിട്ടേണ്‍ ലെഗ്ഗില്‍ ഗോവ മറുപടി ഇല്ലാത്ത ഏഴു ഗോളുകള്‍ക്ക് മുംബൈയെ തരിപ്പണമാക്കിയിരുന്നു. ഐ.എസ്.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ 2-0നു ഗോവയെ തോല്‍പ്പിച്ചതിനു സ്വന്തം ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഗോവയുടെ ഈ പ്രതികാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."