കുമ്പസാരക്കൂട്ടിലെ വിപ്ലവം
രാത്രി കാളിങ് ബെല്‍ ശബ്ദിക്കുമ്പോള്‍ ഫാദര്‍ ആന്റണി മേപ്പറമ്പന്‍ കുരിശു വരച്ച് കിടക്കയിലേക്കു ചാഞ്ഞതേയുള്ളൂ. ഡൈനിങ് ഹാളിലെ ക്ലോക്കില്‍ സമയം പതിനൊന്നു മണി.
ഈ സമയത്ത് ആരായിരിക്കും?
വാതില്‍ തുറന്നതും അനുവാദത്തിനും കാക്കാതെ ഒരാള്‍ അകത്തേക്കു അടിച്ചുകയറി. ഫാദര്‍ ശരിക്കും പേടിച്ചുപോയി.
എല്‍ദോ, നക്‌സല്‍ എല്‍ദോ!
അച്ഛോ എനിക്കൊന്നു കുമ്പസരിക്കണം. അതിശയത്തോടെ ഫാദര്‍ എല്‍ദോയെ നോക്കി. താനീ പള്ളിയില്‍ വന്നിട്ടു മൂന്നര വര്‍ഷമായി. ഇതുവരെയും എല്‍ദോ കുമ്പസരിക്കാന്‍ വന്നിട്ടില്ല. സ്ഥലം മാറിപ്പോയ ഫാദര്‍ സ്വകാര്യമായി പറഞ്ഞ ഒരേയൊരു പേര് എല്‍ദോയുടേതായിരുന്നു. അവന്‍ നക്‌സലേറ്റാണെന്നും എന്തു പറഞ്ഞാലും എതിര്‍ക്കുമെന്നും അവനെ ഉപദേശിച്ചു നന്നാക്കാന്‍ കഴിയില്ലെന്നുകൂടി പറഞ്ഞിരുന്നു.
മറ്റെല്ലാ ക്രിസ്ത്യാനികളും ബൈബിള്‍ വായിക്കുമ്പോള്‍ നക്‌സലേറ്റുകാരുടെ തലതൊട്ടപ്പനായ ചാരു മജുംദാറുടെ ''ഹിസ്റ്റോറിക് എയ്റ്റ് ഡോക്യുമെന്റ്് ''ആണ് താന്‍ വായിക്കുന്നതെന്ന് ഒരിക്കല്‍ അവന്‍തന്നെ ഫാദറിനോട് പറഞ്ഞിട്ടുണ്ട്. നക്‌സലേറ്റുകള്‍ക്ക് വംശനാശം വന്നെങ്കിലും മാവോയിസ്റ്റാകാനൊന്നും എല്‍ദോ പോയിട്ടില്ല.
'ഈ രാത്രിയിലോ..? എല്‍ദോ നീ നാളെ പകല്‍ വാ..'
'അങ്ങനെ പറയാതെ.. കുമ്പസരിക്കാതെ ഈ രാത്രീല് ഞാന്‍ മരിച്ചുപോയാല്‍ അച്ഛന്‍ ദുഖിക്കേണ്ടി വരും'.
ആ സെന്റിമെന്റില്‍ അച്ഛന്‍ നിശബ്ദനായി. കുമ്പസാരക്കൂട്ടില്‍ എല്‍ദോയുടെ ശബ്ദത്തിനായി ഫാദര്‍ കാതോര്‍ത്തു.
'ഞാന്‍ ചെയ്തത് ഒരു പാപമല്ലെങ്കിലും ഒരാളെങ്കിലും അതറിയണമെന്ന് കരുതുന്നു'.
പറഞ്ഞോളൂ എല്‍ദോ, എല്ലാം തുറന്നു പറഞ്ഞോളൂ... അച്ഛന്‍ കാതുകൂര്‍പ്പിച്ചു.
'നമ്മുടെ പള്ളി മുറ്റത്തെ വെള്ളിക്കുരിശ് ഞാനാണച്ഛോ മോഷ്ടിച്ചത്...'
അച്ഛന്‍ ഒന്നു ഞെട്ടി. ഒന്നും ചോദിക്കാന്‍ നാവുയര്‍ന്നില്ല. കഴിഞ്ഞ ആഴ്ചയാണ് പള്ളിമുറ്റത്തെ ചില്ലുകൂട്ടിനുള്ളിലെ വെള്ളിക്കുരിശ് കാണാതായത്. പൊലിസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പലരെയും സംശയിച്ച് ചോദ്യം ചെയ്‌തെങ്കിലും ആ ലിസ്റ്റിലൊന്നും എല്‍ദോയുടെ പേരില്ലായിരുന്നു.
'ഞാന്‍ ആദ്യമായാണച്ഛോ ഒരു മോഷണം നടത്തുന്നത്. ഞങ്ങള്‍ നക്‌സലേറ്റുകള്‍ മോഷ്ടിക്കുകയോ കളവ് പറയുകയോ ചെയ്യില്ല. എന്നിട്ടും ഞാനാ പതിവു തെറ്റിച്ചത് നല്ലൊരു കാര്യത്തിനാണെന്ന വിശ്വാസം കൊണ്ടാണ്. കുന്നത്തറ ബേബിയുടെ മകള്‍ ജാന്‍സി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാണ്. ഒരു വൃക്കയെങ്കിലും ഉടനെ മാറ്റിവച്ചില്ലെങ്കില്‍ ആ കുഞ്ഞിന്റെ ജീവന്‍... ഭാഗ്യവശാല്‍ കര്‍ത്താവ് കടാക്ഷിച്ചു. എന്റെ വൃക്ക ചേരുന്നതിനാല്‍ ഒന്നു ഞാന്‍ അവള്‍ക്കു കൊടുത്തു. കഴിഞ്ഞ വര്‍ഷം ഈ വെള്ളിക്കുരിശ് വാങ്ങാന്‍ ഒരൊറ്റ ദിവസം കൊണ്ട് വിശ്വാസികളും അവിശ്വാസികളും നല്‍കിയ പിരിവ് എത്രയാന്ന് അച്ഛനും ഒര്‍മയില്ലേ... മൂന്നര ലക്ഷം രൂപ. ജാന്‍സിയുടെ ചികിത്സക്കുവേണ്ടി ഒരാഴ്ചകൊണ്ട് നമ്മള്‍ പിരിച്ചതു പതിമൂവായിരത്തി അറുനൂറ്റി നാല്‍പ്പത് രൂപ..! കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ നമുക്കു മനസില്ലെങ്കില്‍ കര്‍ത്താവ് നമ്മളോടു പൊറുക്കുമോ അച്ഛോ... അതുകൊണ്ടാണ് ഞാന്‍ ആ കുരിശ് മോഷ്ടിച്ചത്. കര്‍ത്താവ് എന്നോട് പൊറുക്കും എന്നെനിക്കുറപ്പാ. എന്തായാലും ജാന്‍സിയുടെ ഒപ്പറേഷന്‍ നന്നായി കഴിഞ്ഞു. ബാക്കിയുള്ള പണം ഞാനാ കാണിക്ക പെട്ടിയിലിട്ടിട്ടുണ്ട്.
എല്‍ദോ കുമ്പസാരക്കൂട്ടില്‍ നിന്നുമിറങ്ങി. അന്തം വിട്ടുനിന്ന ഫാദര്‍ മേപ്പറമ്പിന്റെ കൈ ബലമായി പിടിച്ച് അതില്‍ രണ്ടുപ്രാവശ്യം മുത്തി. പിന്നെ... അച്ഛനെയും ആ രഹസ്യത്തെയും നിഷ്‌കരുണം കുമ്പസാരക്കൂട്ടില്‍ വലിച്ചെറിഞ്ഞ് ഇരുട്ടിന്റെ മറവിലേക്ക് നടന്നകന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."