സി.ബി.എസ്.ഇ: പത്താംക്ലാസില്‍ ഒറ്റപരീക്ഷ വരുന്നു; പ്രഖ്യാപനം 25ന്
തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ സി.ബി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷ ഒറ്റ പരീക്ഷയാക്കും. നിലവില്‍ സ്‌കൂള്‍ ടെസ്റ്റ്, ബോര്‍ഡ് പരീക്ഷ എന്നിവയാണ് നടത്തുന്നത്. അത് നിര്‍ത്തലാക്കിയാണ് ഒറ്റപരീക്ഷ നടത്താന്‍ പോകുന്നത്. ഈ മാസം 25ന് ഡല്‍ഹിയില്‍ നടക്കുന്ന സെന്‍ട്രല്‍ അഡ്വവൈസറി ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍ യോഗത്തിനുശേഷം കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഇക്കാര്യം പ്രഖ്യാപിക്കും. സ്മൃതി ഇറാനിക്ക് ശേഷം വകുപ്പിന്റെ ചുമതലയേറ്റെടുത്ത പ്രകാശ് ജാവദേക്കര്‍ എടുക്കുന്ന ഏറ്റവും വലിയ തീരുമാനമാണിത്.
2010 മുതലാണ് പത്താംക്ലാസില്‍ ബോര്‍ഡ് പരീക്ഷ ഓപ്ഷണലാക്കിയത്. പരീക്ഷാസമ്മര്‍ദത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാനാണ് പത്താംക്ലാസ് പരീക്ഷാ സമ്പ്രദായം സി.ബി.എസ്.ഇ മാറ്റിയത്. എന്നാല്‍ ഇത് പഠനനിലവാരം കുത്തനെ ഇടിച്ചതായി അധ്യാപക സംഘടനകളും രക്ഷാകര്‍ത്താക്കളും പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. 2014ല്‍ സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. 11ാം ക്ലാസിലെത്തുന്ന വിദ്യാര്‍ഥികളുടെ നിലവാരം കുറവാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കിയത്. സി.സി.ഇ എന്ന പേരില്‍ നടപ്പാക്കിയ കണ്ടിന്യുവസ് ആന്‍ഡ് കോംപ്രിഹെന്‍സിവ് ഇവാലുവേഷന്‍ പദ്ധതി ഗുണം ചെയ്തില്ലെന്ന് മാത്രമല്ല അധ്യാപകരുടെ സ്വാതന്ത്രം ഇല്ലാതാക്കിയെന്നും പരാതിയുണ്ട്. കുട്ടികളെ ക്ലാസ് മാറ്റാനോ പുതിയ കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കാനോ ഇത് തടസമായി. മാര്‍ക്ക് വ്യക്തമാക്കാതെ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയതും നിലവാരതകര്‍ച്ചയ്ക്കിടയാക്കി. ഇതോടൊപ്പം എട്ടാം ക്ലാസ് വരെ ഓള്‍ പ്രമോഷന്‍ നല്‍കുന്ന തീരുമാനവും പിന്‍വലിക്കും. പകരം അഞ്ചാം ക്ലാസ് വരെ ഓള്‍ പ്രമോഷന്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."