ബ്രിട്ടന്‍ 'യൂനിയ'നില്‍നിന്നു പുറത്തേക്കോ ?
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യമെന്ന വിളിപ്പേരിന് ഇപ്പോള്‍ പ്രസക്തിയൊന്നുമില്ല. എങ്കിലും രണ്ടാംലോകമഹായുദ്ധാനന്തരംമുതല്‍ യൂറോപ്യന്‍ യൂനിയന്റെ രൂപീകരണംവരെ യൂറോപ്പിലെ തലയുയര്‍ത്തിനില്‍ക്കുന്ന രാഷ്ട്രീയശക്തിയായിത്തന്നെ ബ്രിട്ടന്‍ തുടര്‍ന്നുപോന്നിരുന്നു. ഏകീകൃത യൂറോപ്യന്‍ യൂനിയന്‍ നിലവില്‍വന്നതോടെ, അപ്രമാദിത്വം പുലര്‍ത്തിപ്പോന്ന ജര്‍മനിയുടെയും അദ്വിതീയരായി നിലകൊണ്ട ഫ്രാന്‍സിന്റെയും ശാക്തികച്ചേരിയുടെ നിഴലില്‍മാത്രം അടങ്ങിക്കഴിയാനായിരുന്നു ബ്രിട്ടന്റെ വിധി.
ഒറ്റ രാഷ്ട്രവും ഏകീകൃതസ്വതന്ത്രവിപണിയുമെന്ന യൂറോപ്യന്‍ ഭൂഖണ്ഡരാഷ്ട്രങ്ങളുടെ തീരുമാനത്തോട് തുടക്കംമുതല്‍ ബ്രിട്ടന് അനുകൂലസമീപനമായിരുന്നില്ല. എങ്കിലും, പല കാരണങ്ങളാല്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമാകേണ്ടിവന്നു. അപ്പോഴും, സ്വത്വബോധം വിടാന്‍ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. ഈ സ്വത്വബോധംതന്നെയാണ് ഇപ്പോള്‍ ബ്രിട്ടനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
2016 ജൂണ്‍ 23നു ബ്രിട്ടനില്‍ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ജനഹിതപരിശോധന നടക്കാന്‍ പോവുകയാണ്. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയനില്‍ തുടരണമോ വേണ്ടയോയെന്നാണു ജനങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത്. ഉത്തരമെന്തുതന്നെയായാലും അതിന്റെ പ്രത്യാഘാതങ്ങളും ഫലങ്ങളും ബ്രിട്ടനിലെ സാമൂഹ്യ,രാഷ്ട്രീയ,സാമ്പത്തിക മേഖലകളില്‍ വ്യാപകമായ സ്വാധീനംചെലുത്തുമെന്നു തീര്‍ച്ച.
1957 ല്‍ യൂറോപ്യന്‍ സാമ്പത്തികസമൂഹം രൂപീകരിച്ചപ്പോള്‍ ബ്രിട്ടന്‍ അംഗമായിരുന്നില്ല. 1963 ലും 1967 ലും രണ്ടുതവണ ബ്രിട്ടന്‍ അംഗത്വത്തിനായി അപേക്ഷിച്ചു. അന്ന് ഫ്രാന്‍സ് എതിര്‍ത്തു; പ്രത്യേകിച്ച് കര്‍ക്കശക്കാരനായ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡീഗ്വേലേ. ഡീഗ്വേലേയ്ക്കുശേഷം വന്ന പുതിയ ഫ്രഞ്ച് ഗവണ്‍മെന്റ് ബ്രിട്ടനെതിരേയുള്ള അംഗത്വവീറ്റോ എടുത്തുകളഞ്ഞതോടെ 1973 ല്‍ ബ്രിട്ടന്‍ വീണ്ടും അപേക്ഷിക്കുകയും യൂറോപ്യന്‍ സമൂഹം അംഗീകരിക്കുകയും ചെയ്തു.
1974 ലെ ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ എഡ്വേര്‍ഡ് ഹീത്തിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി പരാജയപ്പെടുകയും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു. ഏറെത്താമസിയാതെ യൂറോപ്യന്‍ സമൂഹത്തിലെ അംഗത്വത്തെ ചൊല്ലി ബ്രിട്ടനില്‍ തര്‍ക്കം തലപൊക്കി. ഇതേത്തുടര്‍ന്ന് അംഗത്വം സ്വീകരിച്ചു കേവലം രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ ജനഹിതപരിശോധന നടന്നു. പ്രധാന പാര്‍ട്ടികളെല്ലാം ബ്രിട്ടന്‍ യൂറോപ്യന്‍ സമൂഹത്തില്‍ തുടരണമെന്നഭിപ്രായപ്പെട്ടെങ്കിലും ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടായി.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമെന്ന സുപ്രധാന ബ്രിട്ടീഷ് കീഴ്‌വഴക്കം തല്‍ക്കാലം മാറ്റിവച്ചു മനഃസാക്ഷിക്കനുസരിച്ചു വോട്ടുചെയ്യാന്‍ പ്രധാനമന്ത്രി ഹരോള്‍ഡ് വില്‍സണ്‍ മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും അനുവാദം നല്‍കി. 65 ശതമാനം ബ്രിട്ടീഷ് ജനത പങ്കെടുത്ത ജനഹിതപരിശോധനയില്‍ 67 ശതമാനം പേരും ബ്രിട്ടന്‍, യൂറോപ്യന്‍ സമൂഹത്തില്‍ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. യൂറോപ്യന്‍ സമൂഹത്തില്‍നിന്നു ബ്രിട്ടന്‍ പിന്‍മാറണമെന്നു വാദിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിച്ച ലേബര്‍ പാര്‍ട്ടി തോല്‍ക്കുകയും മാര്‍ഗരറ്റ് താച്ചറിന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ വരുകയും ലേബര്‍ പാര്‍ട്ടി കടുംപിടുത്തം ഉപേക്ഷിക്കുകയും ചെയ്തു.
1993 ലെ മാസ്ട്രിച്ച് ഉടമ്പടിയോടെ യൂറോപ്യന്‍ സാമ്പത്തിക സമൂഹം യൂറോപ്യന്‍ യൂണിയനായി പരിണമിച്ചു. കേവലമൊരു സാമ്പത്തികസഹകരണ സമൂഹമെന്നതില്‍നിന്ന് ഏകീകൃത രാഷ്ട്രീയസമൂഹമായി മാറി യൂറോപ്യന്‍ ഭൂഖണ്ഡരാഷ്ട്രങ്ങള്‍. 1994 ലെ പൊതുതെരഞ്ഞെടുപ്പിലും ഹിതപരിശോധന തന്നെയായിരുന്നു മുഖ്യപ്രചാരണ വിഷയം. ഹിതപരിശോധനയെ അനുകൂലിക്കുന്നവര്‍ ജെയിംസ് ഗോള്‍ഡ് സ്മിത്തിന്റെ നേതൃത്വത്തില്‍ റഫ്രണ്ടം പാര്‍ട്ടി തന്നെയുണ്ടാക്കി. തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഹിതപരിശോധനയെ അനുകൂലിച്ചുകൊണ്ടു മറ്റൊരു പാര്‍ട്ടിയും രൂപംകൊണ്ടു.
യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി. അവസാനമായി 2015 ല്‍ നടന്ന ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി കരുത്തു തെളിയിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ ബന്ധം ഉപേക്ഷിക്കണമെന്ന വാദം പൊതുസമൂഹത്തില്‍ ശക്തമായതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തുറന്നുപറഞ്ഞു, അധികാരത്തിലെത്തിയാല്‍ ഹിതപരിശോധന നടത്തുമെന്ന്. തെരഞ്ഞെടുപ്പില്‍ ജയിച്ച കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വാക്കുപാലിച്ചു. 2017 ഡിസംബര്‍ 31ന് മുമ്പായി ഹിതപരിശോധന നടത്താന്‍ അധികാരപ്പെടുത്തിക്കൊണ്ടുള്ള റഫ്രണ്ടം ആക്ട് പാസാക്കി. ഈ നിയമമനുസരിച്ചാണ് ജൂണ്‍ 23 ന് ബ്രിട്ടീഷ് ജനത തങ്ങളുടെ ഭാവിയെക്കുറിച്ച് വിധിയെഴുതാന്‍ പോകുന്നത്. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി മാത്രമാണ് റഫ്രണ്ടം ആക്ടിനെ എതിര്‍ത്തത്. യൂറോപ്യന്‍ യൂനിയനെ ഭയാശങ്കയോടെ നോക്കിക്കാണുന്ന അംഗങ്ങള്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. ഈ സമ്മര്‍ദംകൊണ്ടുതന്നെയാണു ഹിതപരിശോധനയ്ക്കായി ആക്ടില്‍ നിജപ്പെടുത്തിയ അവസാന തിയതിക്ക് ഒന്നരക്കൊല്ലംമുമ്പ് അതു നടത്താന്‍ കാമറോണ്‍ ഭരണകൂടം തീരുമാനിച്ചത്.
യൂറോപ്യന്‍ യൂനിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തേയ്ക്കുപോകുന്നതിന് ബ്രെക്‌സിറ്റ് എന്ന പേരാണ് ഇപ്പോള്‍ പ്രയോഗിച്ചുവരുന്നത്. ബ്രിട്ടന്‍, എക്‌സിറ്റ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതാണിത്. ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ നിഗെല്‍ ഫരാഗെയാണ് ബ്രക്‌സിറ്റിന്റെ കടുത്ത അനുയായി. ബ്രെക്‌സിറ്റിന്റെ വക്താക്കളായി ധാരാളം പ്രചാരകന്മാരുമുണ്ട് ഇപ്പോള്‍ ബ്രിട്ടനില്‍. വോട്ട് ലീവ്, ലീവ് ഇ.യു, ഗ്രാസ് റൂട്ട് ഔട്ട്, ബെറ്റര്‍ ഓഫ് ഔട്ട്, ഗെറ്റ് ബ്രിട്ടന്‍ ഔട്ട്, കംപെയ്ന്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് ബ്രിട്ടന്‍ എന്നീ കാംപെയ്ന്‍ ഗ്രൂപ്പുകളാണ് പ്രചാരണരംഗത്തുള്ളത്. ഇപ്പോള്‍ നടക്കുന്ന അഭിപ്രായസര്‍വേകളില്‍ നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവര്‍ക്കാണു മുന്‍തൂക്കം.
ബ്രിട്ടന്‍ പുറത്തേയ്ക്കു വരണമെന്നഭിപ്രായപ്പെടുന്നവരില്‍ 35 ശതമാനംപേര്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയോടും 33 ശതമാനംപേര്‍ ലേബര്‍ പാര്‍ട്ടിയോടും 15 ശതമാനംപേര്‍ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയോടും 7 ശതമാനംപേര്‍ ഗ്രീന്‍ഡ് പാര്‍ട്ടിയോടും കൂറുപുലര്‍ത്തുന്നവരാണ്. യൂറോപ്യന്‍ യൂനിയനോടുള്ള ബ്രിട്ടീഷ് സമീപനം എന്തായിരിക്കണമെന്ന കാര്യത്തില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ് ഇപ്പോഴും ബ്രിട്ടനില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതിന് അരനൂറ്റാണ്ടിന്റെയെങ്കിലും പഴക്കവുമുണ്ട്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം സാക്ഷാല്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ ഏകീകൃത യൂറോപ്യന്‍ സമൂഹം വളര്‍ന്നുവരേണ്ട ആവശ്യകതയെ എടുത്തുപറയുമ്പോഴും പക്ഷേ, ബ്രിട്ടന്‍ അതില്‍ചേരുന്നതില്‍ ചര്‍ച്ചിലിനുപോലും ഇരുമനസായിരുന്നു.
യൂറോപ്പ് ഒന്നായിക്കാണാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അവരിലൊരാളാകാന്‍ താല്‍പ്പര്യം കുറവാണ്. ബ്രിട്ടന് യൂറോപ്യന്‍ യൂനിയനോടു നല്ലബന്ധം തന്നെയാണ്. പക്ഷേ, അവരാല്‍ ബന്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. 1983 ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടികളുടെ മുഖ്യതെരഞ്ഞെടുപ്പ് വിഷയം യൂറോപ്യന്‍ വിരോധമായിരുന്നു. ബ്രിട്ടീഷ് ജനതയുടെ അനുവാദത്തോടെയല്ല, ബ്രിട്ടന്‍ യൂറോപ്യന്‍ സ മൂഹത്തില്‍ അംഗമായത് എന്നായിരുന്നു അന്ന് ലേബര്‍ പാര്‍ട്ടിയുടെ വാദം. ആ വാദം ഇപ്പോള്‍ പ്രധാനമന്ത്രി ജെയിംസ് കാമറോണും ശരിവെക്കുന്നു. ബ്രിട്ടന് സ്വന്തംകാര്യങ്ങള്‍ തീരുമാനിക്കാന്‍ സമയമായെന്നാണ് കാമറോണ്‍ ഇപ്പോള്‍ പറയുന്നത്.
26 അംഗ യൂറോപ്യന്‍ യൂനിയനിലെ 19 രാജ്യങ്ങള്‍ മാത്രമേ യൂറോ പൊതു കറന്‍സിയായി അംഗീകരിച്ചിട്ടുള്ളൂ. ബ്രിട്ടനില്‍ സ്വന്തം കറന്‍സിയായ പൗണ്ട് തന്നെയാണുള്ളത്. യൂറോപ്യന്‍ ഭൂഖണ്ഡം മുഴുവനായി ഇപ്പോഴും ഏകവിപണി രാഷ്ട്രമായി മാറിയിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടനുമേല്‍ വ്യാപാരനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നു വാദിക്കുന്നവരുണ്ട് ബ്രിട്ടനില്‍. അംഗത്വ ഫീസായി നൂറുക്കണക്കിന് കോടി പൗണ്ട് നല്‍കിയിട്ടും തിരിച്ചൊന്നും ലഭിക്കുന്നില്ലെന്നും ബ്രിട്ടന്‍ കുറ്റപ്പെടുത്തുന്നു.
സ്വന്തം രാജ്യാതിര്‍ത്തിയിന്മേല്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നാണ് ബ്രിട്ടന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇതുവഴി തൊഴില്‍ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് വരുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ ബ്രിട്ടന് സാധിക്കും. യൂറോപ്യന്‍ യൂണിയന്‍ നിയമത്തിലെ ഒരു സുപ്രധാന വ്യവസ്ഥയാണ് അംഗരാജ്യങ്ങള്‍ക്കിടയിലെ സ്വതന്ത്രമായ വിസരഹിത വരവും പോക്കും.
യൂറോപ്യന്‍ പിന്‍മാറ്റത്തിന് കാരണങ്ങള്‍ പലതുണ്ട് ബ്രിട്ടീഷ് ജനതയ്ക്ക്. എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നാണ് പ്രധാനമന്ത്രി കാമറോണ്‍ ആഗ്രഹിക്കുന്നത്. സമ്പദ്‌വ്യവസ്ഥ വളരാന്‍ ഇതാവശ്യമാണെന്നും കാമറോണ്‍ പറയുന്നു. പുറത്തേയ്ക്കുള്ള പോക്ക് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി തലവന്‍ ക്രിസ്റ്റിന്‍ ലെഗാര്‍ഡിന്റെ പക്ഷം. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നത് ബ്രിട്ടനെ 'ക്യൂ'വില്‍ ഏറ്റവും ഒടുവിലേയ്ക്കു പിന്തള്ളുമെന്നാണ് ബരാക് ഒബാമ അഭിപ്രായപ്പെടുന്നത്.
എന്തായിരിക്കും ബ്രിട്ടന് നല്ലത് കുഴയ്ക്കുന്ന ചോദ്യമാണിത്. ഒരുകാര്യം തീര്‍ച്ച. തീരുമാനമെന്തായാലും ബ്രിട്ടനെ സംബന്ധിച്ച് അതു നിര്‍ണായകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."