കുരുന്നുകളുടെ പൊതിച്ചോറിന് നന്മയുടെ രുചി
പൂഞ്ഞാര്‍: ലോകം പട്ടിണികിടക്കുമ്പോഴും ഭക്ഷണം വെറുതെ കളയുന്നവര്‍ ഈ കുരുന്നുകളെ കണ്ടുപഠിക്കണം. പണം ചെലവഴിച്ച് പലയിടങ്ങളിലും ഭക്ഷ്യമേളകള്‍ സംഘടിപ്പിക്കുമ്പോളും ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്തവര്‍ക്ക് ആശ്വാസമാകുവയായിരുന്നു പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കൊച്ചുകുട്ടികള്‍.
ഇരുന്നൂറ്റിയമ്പതിലധികം കുട്ടികള്‍ വീട്ടില്‍ നിന്നുംകൊണ്ടുവന്ന പൊതിച്ചോറുകള്‍ അനാഥര്‍ക്ക് വിതരണം ചെയ്തുകൊണ്ട് നന്മയുടെ വേറിട്ടൊരു വഴി തെളിയിക്കുകയായിരുന്നു കുരുന്നുകള്‍. അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വേറിട്ടൊരു പദ്ധതി തയാറാക്കിയത്.
ആഘോഷപൂര്‍വ്വം നടത്താന്‍ തീരുമാനിച്ച ഭക്ഷ്യമേളയ്ക്കുപകരം അനാഥര്‍ക്ക് പൊതിച്ചോറു നല്‍കിയാലോ എന്ന നന്മ നിറഞ്ഞ ആശയം മുന്‍പോട്ട് വെച്ചതും ഇവര്‍ തന്നെയാണ്. ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ യു.പി. കുട്ടികള്‍ക്കായി നടത്തിയ പരിപാടിയില്‍ ഒരു നേരംപോലും ഭക്ഷണം ലഭിക്കാത്തവരുടെ ദുരിതങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്ആതുരാലയങ്ങളില്‍ പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത് .
ഭക്ഷണപ്പൊതികള്‍വിദ്യാര്‍ഥി പ്രതിനിധികളുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട, പാലാ പരിസരങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ എത്തിച്ചു.
ഹെഡ്മാസ്റ്റര്‍ വില്‍സണ്‍ ഫിലിപ്പ്, അധ്യാപകരായ ഫാ. മാത്യു ഓണയാത്തുകുഴി ജിബിന്‍ കുരുവിള, റെജി തോമസ്, സി. ദീപ്തി ജോര്‍ജ്ജ്, മേരിക്കുട്ടി സെബാസ്റ്റ്യന്‍, സി. റെന്‍സി സെബാസ്റ്റ്യന്‍, ലില്ലിക്കുട്ടി എ.ജെ., അനു സി. ടോം, റോസിലിന്‍ ജോസഫ്, ആന്‍മേരി സ്‌കറിയ, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."