സഊദിയില്‍ വ്യാജ ഡോക്ടര്‍മാർ അടക്കമുള്ളവരുടെ ശിക്ഷയില്‍ ഭേദഗതികള്‍ വരുത്തി പുതിയ കമ്മിഷന്‍ റിപ്പോര്‍ട്ട്
ജിദ്ദ: വ്യാജ ഡോക്ടര്‍മാരടക്കമുള്ളവരുടെ ശിക്ഷയില്‍ ഭേദഗതികള്‍ വരുത്തി സഊദി ശൂറാ കൗണ്‍സിലിലേക്ക് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച് പഠനം നടത്തിയ മന്ത്രിസഭക്കു കീഴിലെ എക്‌സ്‌പോര്‍ട്ട് കമ്മിഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വ്യാജ ഡോക്ടര്‍മാര്‍, ലൈസന്‍സില്ലാത്ത മരുന്നുകള്‍ വില്‍ക്കുന്നവര്‍, അവയവ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ ശിക്ഷയിലാണ് ഭേദഗതികള്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതിയിലുള്ളത്. ശൂറാ കൗണ്‍സിലിന്റെയും മന്ത്രിസഭയുടെയും അംഗീകാരം ലഭിച്ചാല്‍ ഭേദഗതികള്‍ നിലവില്‍ വരും.
യോഗ്യതയില്ലാതെ ആരോഗ്യ മേഖലാ തൊഴിലുകള്‍ നിര്‍വഹിക്കുന്നവര്‍ക്കും മരുന്നുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും വ്യാജ മരുന്നുകളും രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകളും കാലാവധി തീര്‍ന്ന മരുന്നുകളും കേടായ മരുന്നുകളും വില്‍ക്കുന്നവര്‍ക്കും വില്‍പന ലക്ഷ്യത്തോടെ കൈവശം വെക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും.
ലൈസന്‍സില്ലാത്ത മരുന്നുകളും കാലാവധി തീര്‍ന്ന മരുന്നുകളും സഊദിയിലേക്ക് കടത്തുന്നവര്‍ക്കും ഇത്തരം മരുന്നുകള്‍ വില്‍പന നടത്തുന്നതിന് കൃത്യമല്ലാത്ത വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
അവയവ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കച്ചവടത്തിലൂടെ ലഭിച്ച അവയവമാണെന്ന് അറിഞ്ഞുകൊണ്ട് അവയവമാറ്റ ശാസ്ത്രിക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്കും ഇതേ ശിക്ഷയാണ് നിയമ ഭേദഗതി അനുശാസിക്കുന്നത്. ലൈസന്‍സില്ലാതെ പ്രാക്ടീസ് നടത്തുന്നവര്‍ക്കുള്ള പിഴ ഒരു ലക്ഷം റിയാല്‍ നിന്നും 50 ലക്ഷം റിയാലായി ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ ഇത്തരക്കാര്‍ക്ക് പഴയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ആറു മാസ തടവ് പുതിയ നിയമ ഭേദഗതിയില്‍ റദ്ദാക്കിയിട്ടുണ്ട്. അംഗീകാരിക്കാവുന്ന കാരണമില്ലാതെ രോഗികളെ ചികിത്സിക്കുന്നതിന് വിസമ്മതിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ഇതിനു പുറമെ ഹെല്‍ത്ത് പ്രൊഫഷനുകള്‍ പ്രാക്ടീസ് ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിനു പുറമെ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയില്‍ നിന്നു കൂടി ലൈസന്‍സ് നേടിയിരിക്കണമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."