രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ അളവില്‍ വര്‍ധന
കോഴിക്കോട്: ലോകത്തെ മൂന്നാമത്തെ വലിയ കുരുമുളക് ഉല്‍പാദന രാജ്യമായ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ അളവ് കൂടുന്നതായി പഠനം. വിപണിയിലെത്തുന്ന കുരുമുളകിന്റെ അളവിലുണ്ടായ കുറവും ആഭ്യന്തര ആവശ്യത്തിലുണ്ടായ വര്‍ധനയുമാണ് ഇറക്കുമതി വര്‍ധിക്കാനുണ്ടായ കാരണമെന്നാണ് സൂചന.
2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ 22312 ടണ്‍ കുരുമുളകാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതിന്റെ 39 ശതമാനവും അയല്‍രാജ്യമായ ശ്രീലങ്കയില്‍ നിന്നായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 2350 ടണ്‍ കുരുമുളകാണ് ഇറക്കുമതി ചെയ്തത്. സുഗന്ധവ്യഞ്ജന ബോര്‍ഡിന്റെ കണക്കു പ്രകാരം 2015-16 വര്‍ഷത്തില്‍ ഇതുവരെ 28100 ടണ്‍ കുരുമുളക് ഇറക്കുമതി ചെയ്തു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 30 ശതമാനം കൂടുതലാണ്. രാജ്യത്ത് കേരളത്തിലും കര്‍ണാടകത്തിലുമാണ് പ്രധാനമായും കുരുമുളക് ഉല്‍പാദിപ്പിക്കുന്നത്.
സംസ്ഥാനത്ത് കൊച്ചി വിപണിയെ അടിസ്ഥാനപ്പെടുത്തിയാണ് ഉല്‍പാദനത്തിലും മറ്റുമുള്ള ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കുന്നത്. ഇതുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിപണിയിലെത്തിയ കുരുമുളകിന്റെ അളവിലും കുറവുവന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 2014-15 വര്‍ഷത്തില്‍ 70000 ടണ്‍ വിപണിയിലെത്തിയെങ്കില്‍ 2015-16 വര്‍ഷത്തിലത് 48500 ടണ്ണായി കുറഞ്ഞു. ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചത് 2016ലെ മൊത്തം ഉല്‍പാദനത്തെ ബാധിക്കുമെന്നും കണക്കാക്കിയിട്ടുണ്ട്. അടുത്ത മൂന്നുമാസങ്ങളില്‍ സംസ്ഥാനത്ത് കുരുമുളകിന് നേരിയ തോതില്‍ വിലകുറയാന്‍ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."