ഏകസിവില്‍കോഡ് നീക്കം രാഷ്ട്രീയ ദുഷ്ടലാക്കോടെ: കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: ദേശീയ നിയമ കമ്മിഷനെ ഉപയോഗിച്ചു ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അനുവദിക്കാനാവില്ലെന്നു കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ്, ആസാദ് റഹീം, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, കുളത്തൂപ്പുഴ സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് നിലനില്‍ക്കുന്ന സിവില്‍-ക്രിമിനല്‍ നിയമങ്ങളില്‍ കേവലം 5 ശതമാനത്തില്‍ താഴെവരുന്ന കാര്യങ്ങളില്‍ മാത്രമാണ് മതമനുശാസിക്കുന്ന വിധിവിലക്കുകള്‍ക്കനുസൃതമായുള്ള വ്യക്തി നിയമം നിലവിലുള്ളത്. വിവാഹം, സ്വത്തവകാശം തുടങ്ങി കേവലം പരിമിതമായ കാര്യങ്ങളില്‍പോലും തങ്ങളുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അനുവദിക്കില്ല എന്ന സംഘ്പരിവാര്‍ അജണ്ടയാണ് ഈ വിഷയത്തിലും പ്രകടമാകുന്നത്. മുസ്‌ലിംകളുടെ വിശ്വാസവും സാംസ്‌കാരിക സ്വത്വവും വെല്ലുവിളിക്കപ്പെട്ടാല്‍ സമുദായം ശക്തമായി പ്രതികരിക്കുമെന്നും അതിലൂടെ മത-സാമുദായിക ധ്രുവീകരണം ഉണ്ടാക്കി ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആസൂത്രിത നീക്കം കൂടിയാണിത്.
രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം ഗൂഢനീക്കത്തില്‍ നിന്നും മോഡിസര്‍ക്കാര്‍ പിന്തിരിയണം. നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജനത അനുഭവിച്ചുപോരുന്ന വ്യക്തിനിയമങ്ങളെ കൈവെയ്ക്കുമ്പോള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകളാണ്.
ചിലകേസുകളില്‍ കോടതികളില്‍ നിന്നുണ്ടാകുന്ന നിരീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും മറപിടിച്ച് ഇങ്ങനെയുള്ള അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കാനാവില്ല എന്ന് ഇന്ത്യയിലെ എല്ലാ മുസ്‌ലിം സംഘടനകളും ഒറ്റക്കെട്ടായി നിലപാട് എടുത്തിരിക്കുകയാണെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."