പ്രായത്തെ തോല്‍പിച്ച് 106ാം വയസിലും ആത്തിക്ക ഉമ്മ വോട്ടു ചെയ്യാനെത്തി
തൃക്കരിപ്പൂര്‍: പ്രായത്തെ തോല്‍പിച്ച് 106ാം വയസിലും ജനാധിപത്യബോധവുമായി ആത്തിക്ക ഉമ്മ വോട്ടു ചെയ്യാനെത്തി. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കൈക്കോട്ടുക്കടവ് പൂക്കോയതങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 163ാം നമ്പര്‍ പോളിങ് ബൂത്തിലെ വോട്ടറാണ് ടി ആത്തിക്ക ഉമ്മ. വോട്ടവകാശം ലഭിച്ച കാലംമുതല്‍ ആത്തിക്ക ഉമ്മ മുടങ്ങാതെ വോട്ടു ചെയ്യുന്നുണ്ടെങ്കിലും പ്രായത്തിന്റെ അവശതയില്‍ ഇക്കുറി വോട്ടു ചെയ്യാന്‍ കഴിയില്ലെന്നു സംശയമുണ്ടായിരുന്നു. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് പേരമകന്‍ അബ്ദുറഹിമാനൊപ്പം വോട്ടു ചെയ്യാനെത്തുകയായിരുന്നു.
തനിക്ക് 106 വയസെന്നാണ് എല്ലാവരും പറയുന്നതെങ്കിലും ശരിക്കും 110 വയസായെന്നാണ് ആത്തിക്ക ഉമ്മ പറയുന്നത്. പ്രായം ചോദിക്കുന്നവരോടുള്ള ആത്തിക്ക ഉമ്മയുടെ മറുപടി ഇതാണ്. തന്റെ വയസ് ഇവരല്ലല്ലോ തീരുമാനിക്കേണ്ടതെന്ന കമന്റും ഒപ്പമുണ്ടാകും. നാലു തലമുറയുള്ള ആത്തിക്ക ഉമ്മയുടെ മക്കളിലും പേരമക്കളിലുമായി 30ഓളം വോട്ടര്‍മാരുണ്ട്. കണ്ണിന് കാഴ്ചശക്തി അല്‍പ്പം കുറവായതിനാല്‍ പേരമകന്‍ അബ്ദുറഹിമാനാണ് വോട്ടു രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."