മാറാട് മദ്‌റസ: ന്യൂനപക്ഷ കമ്മിഷന്‍ ഡിസംബര്‍ ഒന്നിന് വാദം കേള്‍ക്കും
കോഴിക്കോട്: മാറാട് മദ്‌റസ തുറക്കുന്നത് സംബന്ധിച്ചും കേരളത്തിലെ ജയിലുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടും സമര്‍പ്പിച്ച പരാതികളിലെ വാദം കേള്‍ക്കല്‍ ന്യൂനപക്ഷ കമ്മിഷന്‍ ഡിസംബര്‍ ഒന്നിലേക്ക് മാറ്റി. രണ്ടാം മാറാട് സംഭവത്തോടനുബന്ധിച്ച് അടച്ചുപൂട്ടിയ ഹിദായത്തുല്‍ ഇഖ്‌വാന്‍ മദ്‌റസ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് മാറാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് സമര്‍പ്പിച്ച പരാതിയിലെ വാദം കേള്‍ക്കലാണ് കമ്മിഷന്‍ ഡിസംബര്‍ ഒന്നിലെ സിറ്റിങിലേക്ക് മാറ്റിയത്. മദ്‌റസ തുറക്കുന്നത് സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും പൊലിസിന്റെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ജില്ലാഭരണകൂടം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്ത സിറ്റിങിന് മുന്‍പ് പൊലിസിന്റെ വിശദീകരണം കൂടി തേടിയ ശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ മുഹമ്മദ് ഹനീഫ കലക്ടറോട് ആവശ്യപ്പെട്ടു.
ജയിലുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ജനമിത്രം കുടുംബക്ഷേമ നീതിവേദി നല്‍കിയ പരാതി വിശദമായ വാദം കേള്‍ക്കാനാണ് അടുത്ത സിറ്റിങിലേക്ക് മാറ്റിയത്. നാദാപുരം തൂണേരിയിലുണ്ടായ തീവെപ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലെ വാദം കേള്‍ക്കല്‍ അടുത്ത മാസത്തേക്ക് മാറ്റി. പരാതിക്കാരെത്താത്തതിനാലാണ് കേസ് മാറ്റിയത്.
ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം മുടങ്ങുന്നത് സംബന്ധിച്ച പരാതി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കമ്മിഷന്‍ അറിയിച്ചു. പരാതി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന് അയച്ചു കൊടുക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനാഥാലയങ്ങള്‍ക്ക് ബാധകമാക്കിയതു സംബന്ധിച്ച പരാതി, ഈ വിഷയത്തില്‍ ഹൈക്കോടതി വിധി വരാനിരിക്കുന്നതിനാല്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. എച്ച്.എസ്.എസ്.ടി (അറബിക്) തസ്തികയിലെ എന്‍.സി.എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസം സംബന്ധിച്ച പരാതി അടുത്ത സിറ്റിങിനു മുന്‍പ് പരിഹരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. പാര്‍ട്ട്‌ടൈം ഉറുദു എച്ച്.എസ്.എ നിയമനത്തിനായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പി.എസ്.സി അറിയിച്ചതിനാല്‍ തീര്‍പ്പാക്കി. ആരോഗ്യ വകുപ്പില്‍ അസി. സര്‍ജന്‍ എന്‍.സി.എ മുസ്‌ലിം ഒഴിവില്‍ നിയമനം ലഭിക്കുന്നതു സംബന്ധിച്ച് എ.കെ മൊയ്തീന്‍ നല്‍കിയ പരാതിയില്‍ അടുത്ത സിറ്റിങിന് മുന്‍പ് നടപടി സ്വീകരിക്കാമെന്ന് പി.എസ്.സി അറിയിച്ചു.
ന്യൂനപക്ഷ പദവിയുള്ള വിദ്യാസദനം മോഡല്‍ സ്‌കൂളിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് സംബന്ധിച്ച പരാതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടാന്‍ തീരുമാനിച്ചു.
ജൈന സമുദായക്കാരുടെ പിന്നോക്കാവസ്ഥയും സംവരണവും സംബന്ധിച്ച് വയനാട് കല്‍പ്പറ്റ ജൈനസമാജം സെക്രട്ടറി സമര്‍പ്പിച്ച പരാതിയില്‍ കമ്മിഷന്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടും. വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കോ ഓഡിനേഷന്‍ കമ്മിറ്റി ഫോര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച പരാതി അടുത്ത സിറ്റിങിലേക്ക് മാറ്റി.
ഇന്നലെ കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 37കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്. ഇതില്‍ അഞ്ചെണ്ണം തീര്‍പ്പാക്കി. പത്തോളം എണ്ണത്തില്‍ പരാതിക്കാര്‍ ഹാജരായില്ല. പൊലിസുമായി ബന്ധപ്പെട്ട ഒന്‍പത് കേസുകള്‍ അടുത്ത മാസത്തേക്ക് മാറ്റിവച്ചു. വിശദമായ തെളിവെടുപ്പിനാണ് ഇവ മാറ്റിയത്. ജസ്റ്റിസ് പി കെ മുഹമ്മദ് ഹനീഫ ചുമതലയേറ്റ ശേഷം കമ്മിഷന്റെ മൂന്നാമത്തെ സിറ്റിങാണ് ഇന്നലെ നടന്നത്. അടുത്ത സിറ്റിങ് ഒന്‍പതിന് കൊല്ലത്ത് നടക്കും. കമ്മിഷന്‍ അംഗം ബിന്ദു എം തോമസും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."