കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണം: ആം ആദ്മി എം.പി
ന്യൂഡല്‍ഹി: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം.പി ധരംവീര്‍ ഗാന്ധി ലോക്സഭയെ സമീപിച്ചു. സ്വകാര്യ ബില്ലായി ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നാണ് ധരംവീറിന്റെ ആവശ്യം. പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ധരംവീര്‍. കഞ്ചാവ് ലഹരിയില്ലാത്ത മയക്കുമരുന്നുകളുടെ വിഭാഗത്തില്‍ പെടുന്നവയാണെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും ഇവ വലിയ പങ്കുവഹിക്കുന്നുണ്ട്. കഞ്ചാവിനെ ഒരിക്കലും മാരകമായ മയക്കുമരുന്നുകളുടെ വിഭാഗത്തില്പെടുത്താനാവില്ല. നിലവിലുള്ള നിയമം മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്നതാണ്. ഇത് കൊക്കെയ്ന്‍, ഹെറോയിന്‍ തുടങ്ങിയ ഹാനികരമായ മയക്കുമരുന്നുകളെയും സഹായിക്കുന്നതാണെന്നും എം.പി കുറ്റപ്പെടുത്തി.
അതേസമയം, ധരംവീറിനെ പിന്തുണച്ച് ചില എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ വിനോദ് ഖന്ന ധരംവീറിന്റെ ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കി. എന്നാല്‍ സ്വകാര്യബില്ലായി അവതരിപ്പിച്ചാല്‍ പാര്‍ലമെന്റില്‍ പാസാകാറില്ലെന്നാണ് ചരിത്രം. മൂന്നാം ലിംഗക്കാര്‍ക്കുള്ള അവകാശങ്ങള്‍ക്കായി കൊണ്ടുവന്ന ബില്‍ മാത്രമാണ് കഴിഞ്ഞ 46 വര്‍ഷത്തിനിടെ പാര്‍ലമെന്റില്‍ പാസായ ഏക സ്വകാര്യബില്‍. ഭൂരിപക്ഷ പിന്തുണ ഈ ബില്ലിന് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."