ആപല്‍ക്കരം, ഈ ഭ്രാന്ത്
ഒ. ചന്തുമേനോന്റെ ഇന്ദുലേഖയില്‍ ആലോചനാമൃതമായൊരു സംഭാഷണ ശകലമുണ്ട്. 'കുട്ടിക്ക് കഥകളി ഭ്രാന്തുണ്ടോ' എന്ന സുരിനമ്പൂതിരിയുടെ ചോദ്യത്തിന്, 'ഇല്ല. കളിയിലെന്നല്ല ഒന്നിലുമില്ല ഭ്രാന്ത്'എന്നായിരുന്നു കഥാനായികയുടെ മറുപടി. ഇന്ന് പക്ഷേ, അങ്ങനെയൊരു മറുപടി പറയാന്‍ എത്രപേര്‍ക്ക് കഴിയും.
ഭ്രാന്തില്ലാത്ത എന്തെങ്കിലും ഒന്ന് നമുക്ക് ചുറ്റുമുണ്ടോ? രാഷ്ട്രീയമായാലും സിനിമയായാലും കളിയായാലും മതമായാലും ദേശസ്‌നേഹമായാലും സമചിത്തത വിട്ട് പേയിളകിനില്‍ക്കുന്നവരല്ലേ ചുറ്റും.
സിനിമയുടെ കാര്യം തന്നെയെടുക്കാം. ഒരു പുതുചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ ഫ്‌ളക്‌സ് ബോര്‍ഡിലെ പാലഭിഷേകം തൊട്ട് എന്തെന്ത് കോപ്രായങ്ങളാണ് തെരുവുകളില്‍ അരങ്ങേറുന്നത്. താരാരാധന മൂത്ത് ഭ്രാന്തായവര്‍ ഇപ്പോള്‍ തിയേറ്ററിനുള്ളില്‍ കരിമരുന്ന് പ്രയോഗം വരെ നടത്തുന്നു. മുമ്പൊക്കെ വാളയാറിന് അപ്പുറത്ത് മാത്രം കണ്ടിരുന്ന പേക്കൂത്തുകള്‍ ഇന്ന ്‌സാക്ഷര കേരളത്തിലും നിറഞ്ഞാടുകയാണ്. പുലിമുരുകന്റെ റിലീസിങിനോടനുബന്ധിച്ച് കേരളം കണ്ടതൊന്നും ഏറ്റവും ഒടുവിലത്തേത് ആവാന്‍ തരമില്ല. താരങ്ങള്‍ക്ക് ക്ഷേത്രം പണിയുക എന്ന കടമ്പകൂടി കടന്നാല്‍ തമിഴനോടൊപ്പമോ ഒരുപക്ഷേ അതിനു മുന്‍പിലോ ആയിരിക്കും പ്രബുദ്ധനായ മലയാളിയുടെ സ്ഥാനം.
രാഷ്ട്രീയഭ്രാന്തില്‍ പക്ഷേ എന്നേ നമ്മള്‍ ഒന്നാമതായികഴിഞ്ഞു. അപരന്റെ വാക്കുകള്‍ സംഗീതംപോലെ ആസ്വദിക്കുന്ന ഒരു നല്ലനാളേക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവനാണ് രാഷ്ട്രീയക്കാരനെന്ന കാല്‍പനിക ചിന്തയൊക്കെ എന്നോ കാലഹരണപ്പെട്ടു കഴിഞ്ഞു. ഇങ്ങനെയുണ്ടോ ഒരു ഭ്രാന്ത് എന്ന് ആരും മൂക്കത്ത് വിരല്‍വയ്ക്കുന്ന അവസ്ഥയാണ് എങ്ങും. കണ്ടും പറഞ്ഞും ചിരിച്ചും സ്‌നേഹം പങ്കിടേണ്ട അയല്‍ക്കാരന്റെ തലയറുത്തെടുത്താണ് ഇവിടെ വിജയാഘോഷം. ആളെ കൊന്ന് ആശയം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ചാവേറുകള്‍ക്ക് മാത്രമല്ല ഭ്രാന്ത്; അവര്‍ക്ക് അഭയവും ആവേശവും നല്‍കുന്ന നേതൃത്വത്തിനും എല്ലാം ക്രിക്കറ്റ് മത്സരംപോലെ ലാഘവത്തോടെ കാണുന്ന ജനസാമാന്യത്തിനും ഭ്രാന്ത് തന്നെയാണ്.
ശാന്തിയും സമാധാന ഉദ്‌ഘോഷിക്കാത്ത ഒരു മതദര്‍ശനവും ഭൂമുഖത്തില്ല. എന്നിട്ടും മതവിശ്വാസത്തിന്റെ പേരില്‍ അറുതിയില്ലാതെ അരുംകൊലകള്‍ തുടരുന്നു. നാല്‍കാലികളുടെ പേരില്‍പോലും ആളുകളെ പച്ചയ്ക്ക് ചുട്ടെരിക്കാന്‍ത്തക്കവിധം മതവിശ്വാസം ദൈവവിരുദ്ധവും മനുഷ്യവിരുദ്ധവുമായി ചിലര്‍ മാറ്റിയിരിക്കുന്നു. ഇതേവരെ പഠിച്ചതും പഠിപ്പിച്ചതുമല്ല മതം, അത് അങ്ങ് ഇറാനിലും സിറിയയിലുമാണെന്ന് വിശ്വസിച്ച് ജന്മനാടും വീടുംവിട്ട് ആടിനെ മേയ്ക്കാന്‍ പോവുന്നവര്‍ക്കും 'നട്ടപ്പിരാന്ത'ല്ലാതെ മറ്റെന്താണ്?
ദേശസ്‌നേഹത്തിന്റെ പേരില്‍ നടക്കുന്ന ഭ്രാന്താണ് പക്ഷെ ഇവയില്‍ ഏറ്റവും ആപല്‍ക്കരം. അന്യദേശ വിദ്വേഷമാണ് ഇവര്‍ക്ക് രാജ്യസ്‌നേഹത്തിന്റെ ഉരക്കല്ല്. സ്വന്തം രാജ്യത്തോട് കൂറും സ്‌നേഹവും ഉണ്ടായാല്‍പോര, അയല്‍രാജ്യത്തോട് കൊടിയ ശത്രുത തന്നെ പുലര്‍ത്തണം രാജ്യസ്‌നേഹിയാവാന്‍! അവിടങ്ങളിലെ ഭരണകൂടങ്ങളോട് മാത്രമല്ല, കലാകാരന്മാരാടക്കമുള്ള സാമാന്യ ജനങ്ങളോടും ഒടുങ്ങാത്ത പകവേണം. അവര്‍ അഭിനയിച്ച സ്വന്തം രാജ്യത്തെ സിനിമകളോടുപോലും ഇക്കൂട്ടര്‍ യുദ്ധം പ്രഖ്യാപിച്ചു കളയും. കരണ്‍ ജോഹറിന്റെ 'യേ ദില്‍ഹേ മുശ്കില്‍' എന്ന ഹിന്ദി സിനിമയ്ക്ക് നേരിടേണ്ടി വന്നത് അത്തരമൊരു ദുര്‍ഗതിയാണ്.
ലോകത്ത് നടക്കുന്ന എന്തിനെയും തങ്ങള്‍ക്ക് ഹിതകരമല്ലെങ്കില്‍ കടിച്ചുകീറും ഈ ഭ്രാന്തന്മാര്‍. കഴിഞ്ഞ മാസം കോഴിക്കോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി സമ്മേളനത്തില്‍ നടത്തിയ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത മലയാളത്തിലെ വന്‍കിട പത്രത്തെ ഇക്കൂട്ടര്‍ വിശേഷിപ്പിച്ചത് പാക്പക്ഷപാതി എന്നാണ്. പ്രസംഗത്തില്‍ മോദി പാക്ജനതയോട് കാണിച്ച മൃദു സമീപനത്തിന് ഊന്നല്‍ നല്‍കി എന്നതായിരുന്നു പത്രം കാണിച്ച 'പാതകം'. നരേന്ദ്രമോദിയേയും പാര്‍ട്ടിയേയും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന പത്രത്തിനെയാണ് ഈ വിധം ചാപ്പകുത്തിയത്. ന്യൂനപക്ഷ സമുദായങ്ങളോ മറ്റോ നടത്തുന്ന പത്രമായിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്!
മതിഭ്രമത്തിന്റെ കാര്യത്തില്‍ മാധ്യമമേഖലയും അപവാദമല്ല. കേവലം മത്സരഭ്രാന്ത് എന്ന് അതിനെ വിശേഷിപ്പിച്ചാല്‍ പോര. ചില വിഭാഗങ്ങളോടുള്ള കടുത്ത അസഹിഷ്ണുത തലക്ക് പിടിച്ച് സമനില തെറ്റിയവരും അവര്‍ക്കിടയിലുണ്ട്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യാജ വീഡിയോ ക്ലിപ്പുകള്‍ നിര്‍മിച്ചവരുടെ പേരും ജേര്‍ണലിസ്റ്റ് എന്നു തന്നെയാണല്ലോ? തീവ്രവാദക്കഥകള്‍ ഇവര്‍ക്ക് വലിയ ലഹരിയാണ്. പൊലിസിന്റെ ഏറ്റുമുട്ടല്‍ കൊലപാതക കഥകള്‍ വ്യാജമാണെന്ന് കാലം എത്ര തവണ തെളിയിച്ചാലും പുതിയ ഏറ്റുമുട്ടല്‍ കഥകള്‍ ഇവര്‍ തൊണ്ടതൊടാതെ വിഴുങ്ങും. മറിച്ചാരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍പോലും അത് പൂര്‍ണമായി തമസ്‌കരിക്കാന്‍ ജാഗ്രത കാണിക്കും.
ഏറ്റവുമൊടുവില്‍ ഭോപ്പാലില്‍ സിമി തടവുകാരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലും ഇത് കണ്ടതാണ്. മലപ്പുറം കലക്്‌ട്രേറ്റിന് പുറത്ത് ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനവും മുന്‍വിധികളോടെ തന്നെയാണ് ഇവര്‍ വാര്‍ത്തെടുക്കുന്നത്. ഭോപ്പാലിന് മലപ്പുറത്ത് മറുപടി എന്നായിരുന്നു ഒരുപത്രം നല്‍കിയ തലക്കെട്ട്.
ഭ്രാന്തിന് മുന്‍പില്‍ ഒരു യുക്തിയും വിലപ്പോവില്ല. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്നവര്‍ അപഹാസ്യരാവുകയേയുള്ളൂ. മൗനം ഭൂഷണമാക്കി എല്ലാ കണ്ടും കേട്ടും നിശ്ശബ്ദരാവുകയാണ് പൊതുസമൂഹം. പക്ഷെ ഭ്രാന്തിന്റെ പരാക്രമങ്ങളില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ചുമതല ഭരണകൂടത്തിനുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ ചങ്ങലയ്ക്ക് തന്നെ ഭ്രാന്തുപിടിച്ച അവസ്ഥയാണ്. 'യേ ദില്‍ ഹേ മുശ്കില്‍' പ്രദര്‍ശിപ്പിക്കാന്‍ പത്തുകോടി രൂപ 'ബന്ദിപ്പണം' ഈടാക്കുന്നതിന് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സമിതിക്ക് ഇടനിലക്കാരായി നിന്നത് ഒരു കേന്ദ്രമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്നു.
ഇതര സംസ്‌കാരങ്ങളെയും ദര്‍ശനങ്ങളെയും ഹൃദയപൂര്‍വം വരവേറ്റവരുടെ എണ്ണം അന്യംനില്‍ക്കുകയാണ്. സഹനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പഴയ പാഠങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു. അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരമെന്ന പാഠം ഇവരുടെ പുസ്തകത്താളുകളിലില്ല. കൊന്നും കൊലവിളിച്ചും ആര്‍ത്തട്ടഹസിച്ചും അന്യനെ അതിജയിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍, നെഞ്ചേറ്റേണ്ട മൂല്യങ്ങള്‍ മുഴുവന്‍ കൈവിട്ടുപോവുകയാണ്.
ഇവരുടെ രഥചക്രത്തിനിടയില്‍ ചതഞ്ഞരഞ്ഞു പോയ കല്‍ബുര്‍ഗിമാരേയും ഗോവിന്ദ് പന്‍സാരെമാരേയും എണ്ണിത്തിട്ടപ്പെടുത്താനാവില്ല. മനുഷ്യരോട് മാത്രമല്ല, ഇതര ജീവികളോടും പ്രകൃതിയോടുതന്നെയും വിദ്വേഷത്തിന്റെ ഭാഷയാണ് ഇവര്‍ക്ക്. അരുതേ എന്ന് പറയാന്‍ പ്രഭാവലയമുള്ള വ്യക്തികളും ആര്‍ജവമുള്ള പ്രസ്ഥാനങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ഇല്ലായ്മകള്‍ പങ്കുവച്ചും ഭൂമുഖത്തെ ജീവിക്കാന്‍ കൊള്ളാവുന്നയിടമാക്കി വരുംതലമുറക്ക് കൈമാറാന്‍ കടപ്പെട്ടവരാണെന്ന സത്യം എന്നാണ് നമ്മള്‍ തിരിച്ചറിയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."