റേഷന്‍ ഇല്ലാതാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം
കാഞ്ഞങ്ങാട്: അരനൂറ്റാണ്ടിലേറെയായി കേരളത്തിനു ലഭിച്ചു കൊണ്ടിരുന്ന റേഷന്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് നോര്‍ത്ത് കോട്ടച്ചേരിയിലെ ആകാശ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2013 ജൂലൈ അഞ്ചിനു നിലവില്‍ വന്ന ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിനാവിശ്യമായ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കാനുള്ള നടപടികള്‍ ഏറെ വൈകി 2015 ല്‍ മാത്രമാണു യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ചത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 2017 ഏപ്രില്‍ വരെ കേരളത്തിനു സാവകാശം നല്‍കണമെന്നു കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ അതിനു തയാറാവാതെ നവംബര്‍ ഒന്നുമുതല്‍ റേഷന്‍ നിര്‍ത്തി വയ്ക്കുമെന്ന ധാര്‍ഷ്ട്യത്തോടെയുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം സ്വീകരിച്ചതെന്നും വലിയ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കരട് മുന്‍ഗണനാ പട്ടിക താല്‍ക്കാലികമായി അംഗീകരിക്കാന്‍ തയാറായതെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
റേഷന്‍ സൗജന്യങ്ങള്‍ തുടര്‍ന്നാല്‍ കേന്ദ്ര വിഹിതം നല്‍കില്ലെന്ന മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്. ഐക്യരാഷ്ട്രസഭ അനുശാസിക്കുന്ന ഏഴു കിലോ ധാന്യം അഞ്ചു കിലോയായി വെട്ടിച്ചുരുക്കുന്ന, മൂന്നു വര്‍ഷം കൂടുമ്പോള്‍ വിലപുതുക്കാന്‍ ഏകപക്ഷീയമായി സര്‍ക്കാരിനു അധികാരം നല്‍കുന്ന ഈ നിയമം യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത് ഭക്ഷ്യസുരക്ഷയ്ക്കായുള്ള സബ്‌സിഡി വെട്ടിച്ചുരുക്കുന്നതിനാണെന്നും കേരളത്തിന്റെ അര്‍ഹമായ റേഷന്‍ സംരക്ഷിക്കാനാവശ്യമായ ശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ടതുണ്ടെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
സമ്മേളനത്തിനു പി കരുണാകരന്‍ എം.പി പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രതിനിധി സമ്മേളനം നടന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് ഷാഹിദാ കമാല്‍ സമ്മേളനത്തില്‍ പ്രതിനിധിയായി എത്തിയിരുന്നു.
വൈകുന്നേരം അഞ്ചിനു നടന്ന സാംസ്‌കാരിക സായാഹ്നം എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. ദേവയാനി അവാര്‍ഡ് പി.കെ മേദിനിക്കു സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി കൈമാറി. ഇന്നു വൈകിട്ടു നടക്കുന്ന കലാസന്ധ്യ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. കന്നഡ സാഹിത്യകാരി ബാനു മുഷ്താഖ് ചടങ്ങില്‍ സംബന്ധിക്കും. നാളെ വൈകിട്ടു നാലോടെ പുതിയ കോട്ടയില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിനു വിരാമമാകും. ഇതിനു മുന്നോടിയായി രണ്ടായിരത്തോളം വളണ്ടിയര്‍മാരുടെ അകമ്പടിയോടെ നഗരത്തില്‍ റാലി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."