എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തേടി അരീക്കോട് നിന്ന് വിദ്യാര്‍ഥികള്‍ കാസര്‍കോട്ടേക്ക്
അരീക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ തേടി അരീക്കോട് നിന്ന് വിദ്യാര്‍ഥികള്‍ ഇന്ന് കാസര്‍കോട്ടേക്കു യാത്ര തിരിക്കും. അരീക്കോട് ജി.എം.യു.പി സ്‌കൂളിലെ 6, 7 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കു കൂട്ടിരുന്നു കുരുന്നു മനസിലെ കാരുണ്യത്തിന്റെ വെളിച്ചം പകരാനൊരുങ്ങുന്നത്.
സ്‌കൂളിലെ പ്രധാനധ്യാപകന്‍ കെ.എന്‍ രാമകൃഷ്ണന്‍, സഹാധ്യാപകന്‍ കെ.സുരേഷ് എന്നിവരുടെ വിരമിക്കല്‍ ചടങ്ങിനോടനുബന്ധിച്ചു സ്‌കൂളില്‍ സംഘടിപ്പിക്കുന്ന 'പോക്കുവെയില്‍ മണ്ണിലെഴുതുമ്പോള്‍' എന്ന പത്തിന പരിപാടികളുടെ ഭാഗമായാണു രോഗികളെ തേടിയുള്ള യാത്ര. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ആറു മുതല്‍ 18 വയസ്സ് വരെ പ്രായമാവരായ കുട്ടികളെ പാര്‍പ്പിച്ച കാസര്‍കോട് ജില്ലയിലെ രണ്ട് ബഡ്‌സ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശനം നടത്തും.
മഹാത്മാ ബഡ്‌സ് സ്‌കൂളില്‍ അന്‍പതും അമ്പലത്തറ സ്‌നേഹവീട്ടില്‍ 15 കുട്ടികളെയുമാണു പാര്‍പ്പിച്ചിട്ടുള്ളത്. രോഗം തളര്‍ത്തിയിട്ടും തോല്‍ക്കാന്‍ മനസില്ലാതെ കുടകളും കടലാസ് പൂക്കളുമടക്കം നിരവധി വസ്തുക്കളാണ് ഇവിടെ രോഗികളുടെ കരവിരുതില്‍ വിരിഞ്ഞിട്ടുള്ളത്. സന്ദര്‍ശനത്തിനപ്പുറം ദുരിതജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നു സാന്ത്വനമേകാനാണു വിദ്യാര്‍ഥികളുടെ ദ്വിദിന യാത്ര. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച 20000 രൂപ രോഗികള്‍ക്കായി കൈമാറും.
നോവലിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകനുമായ അംബിക സുധന്‍ മാങ്ങാട് വിദ്യാര്‍ഥികളുമായി സംവദിക്കും. ഡി.ഡി.ഇ.പി സഫറുള്ള യാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കും. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ, പി.ടി.എ പ്രസിഡന്റ് എം.സുല്‍ഫീക്കര്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പ്രശാന്ത് കുമാര്‍, ഇ. മഹബൂബ്, അബ്ദുല്‍ കലാം, മുംതാസ് എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പം അരീക്കോട് നിന്നു യാത്ര തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."