വട്ടവട - മറയൂര്‍ - കാന്തല്ലൂര്‍ ബ്ലോക്കിനെ സംസ്ഥാനത്തിന്റെ സ്‌പെഷല്‍ അഗ്രികള്‍ച്ചറല്‍ സോണായി പ്രഖ്യാപിച്ചു
തൊടുപുഴ: വട്ടവട - മറയൂര്‍ - കാന്തല്ലൂര്‍ ബ്ലോക്കിനെ സംസ്ഥാനത്തിന്റെ സ്‌പെഷല്‍ അഗ്രികള്‍ച്ചറല്‍ സോണായി പ്രഖ്യാപിച്ചു. തൊടുപുഴയില്‍ നടന്ന പച്ചക്കറി കൃഷി വികസന പദ്ധതിയുടെ സംസ്ഥാനതല അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യവെ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്.
പച്ചക്കറി കൃഷി അവാര്‍ഡുകള്‍ക്കുള്ള തുക വര്‍ധിപ്പിക്കും. പഞ്ചായത്തിന് മൂന്നുലക്ഷത്തില്‍നിന്നു അഞ്ചുലക്ഷമായും ബാക്കിയെല്ലാ വിഭാഗങ്ങളിലും ഇരട്ടിയായും വര്‍ധിപ്പിക്കും. കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്. ഗ്രാമീണ്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ കിസാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. കൃത്യമായി വില ലഭിക്കാനും, ഇടനിലക്കാരുടെ ചൂഷണം തടയാനും പദ്ധതികല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ 52 ആഴ്ചക്കാലത്തെ പ്രൊഡക്ഷന്‍ ഷെഡ്യൂള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. കൂടാതെ കൃഷിക്കാരെ സഹായിക്കാനായി ഇ പ്ലാറ്റ്‌ഫോമും രൂപീകരിക്കും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാകുന്ന വിളകള്‍, കാലയളവ്, വില തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. അഞ്ച് കൊല്ലം കൊണ്ട് 5000 ഹെക്ടര്‍ സ്ഥലത്ത് കൂടി കൃഷി വ്യാപിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും അഗ്രോ പാര്‍ക്ക്, പാലക്കാട് ജില്ലയില്‍ മാമ്പഴത്തിന്റെ സ്‌പെഷല്‍ സോണ്‍ എന്നിവ രൂപീകരിക്കും.
ഭക്ഷണം കഴിക്കുന്ന എല്ലാവരും കൃഷി ചെയ്യാന്‍ ബാധ്യസ്ഥരാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ഹരിത കേരളം പദ്ധതി നടപ്പിലാക്കുന്നത്. വിഷരഹിത പച്ചക്കറികള്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കൃഷി വകുപ്പ് വിചാരിച്ചാല്‍ മാത്രം സാധിക്കില്ല. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, കുടുംബശ്രീ മറ്റു സന്നദ്ധ സംഘടനകളുടേയും, വ്യക്തികളുടേയും സഹകരണം വേണം. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കുന്നത് കീടനാശിനി കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിയമങ്ങള്‍ ശരിയായി നടക്കുമ്പോള്‍ കമ്പനികള്‍ കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കഴിയാതാകും.
കീടനാശിനി ഉപയോഗത്തെപ്പറ്റി കര്‍ഷകരെ പഠിപ്പിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്, കമ്പനികളല്ല.
വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്ന അവസ്ഥയുണ്ട്. വനം വകുപ്പുമായി കൂടി ആലോചിച്ച് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."