HOME
DETAILS
MAL
വീല്‍ചെയറിലെ യാത്രകള്‍ ലോകത്തിനു നല്‍കുന്ന സന്ദേശം
backup
November 06 2016 | 17:11 PM
തളിപ്പറമ്പ് : തളിപ്പറമ്പ് തലോറയിലെ പടിഞ്ഞാറെപുരയില്‍ ഷാജിയുടെയും കൂട്ടുകാരുടെയും വീല്‍ചെയറിലെ യാത്രകള്‍ ഭാരതത്തിലെ മഹാനഗരങ്ങളിലൂടെ ചരിത്രപൈതൃക സ്മാരകങ്ങള്‍ പിന്നിടുമ്പോള്‍ പയ്യന്നൂര്‍ ആസ്ഥാനമായ 'ഫ്‌ളൈ' സംഘടനയുടെ പ്രവര്‍ത്തകരുടെ മനസില്‍ നിറയുന്നത് അഭിമാനത്തെക്കാളേറെ ആത്മസംതൃപ്തിയാണ്.വിധി നല്‍കിയ പരിമിതികളെ പഴിച്ച് ഒതുങ്ങിക്കഴിഞ്ഞവരെ വെളിച്ചത്തിലേക്ക് കൊണ്ടു വന്നതിനേക്കാളേറെ, യാത്രകള്‍ അവര്‍ക്ക് നല്‍കിയ ആത്മവിശ്വാസമാണ് ഫ്‌ളൈ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നത് .
1991ല്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒരുവിറയലായ് വന്ന് തളര്‍ച്ചയിലേക്ക് വഴിമാറിയ രോഗം പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.ആശയും,ആശ്രയവും അറ്റ് മനസില്‍ ഇരുട്ട് കയറിയപ്പോള്‍ കൂട്ടായത് വായനയായിരുന്നുവെന്ന് ഷാജി പറയുന്നു.വായനയിലൂടെ അടുത്തറിഞ്ഞ മഹാനഗരങ്ങളും,ചരിത്ര സ്മാരകങ്ങളും കാണുകയെന്ന ആഗ്രഹത്തിന് ചിറകുനല്‍കിയത് 2009 ല്‍ ഫ്‌ളൈ എന്ന സംഘടനയിലൂടെ ലഭിച്ച സൗഹൃദങ്ങളാണ്.ആദ്യ യാത്ര കൊല്ലൂര്‍ മൂകാബിക സന്നിധിയിലേക്ക് പിന്നീട് ഡല്‍ഹി,ആഗ്ര,ചെന്നൈ,വയനാട്,ഊട്ടി,മൈസൂര്‍ ഏറ്റവും ഒടുവില്‍ സാംസ്‌ക്കാരികമായും പൗരാണിക പരമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള മഹാരാഷ്ട്രയുടെ മണ്ണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലോകാത്ഭുതങ്ങളായ അജന്ത, എല്ലോറ ഗുഹാ ക്ഷേത്രങ്ങളിലേക്കുമെത്തിനില്‍ക്കുന്നു ഇവരുടെ യാത്ര.
കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതല്‍ പതിമൂന്നു വരെ നീണ്ടു നിന്ന യാത്രയില്‍ അജന്ത, എല്ലോറ കൂടാതെ ഔറംഗബാദിനടുത്തുള്ള പാവങ്ങളുടെ താജ്മഹല്‍ എന്നറിയപ്പെടുന്ന ഭാവനാ നൈപുണിയുടെ മറ്റൊരു മുഗള്‍ കലാസൃഷ്ടി ബീബിക്ക മക്ക് ബറാ, വാതിലുകളില്ലാത്ത ഗ്രാമം ശനിശിഗ്‌നാപൂര്‍ മഹാരാഷ്ട്രയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഷിര്‍ദി, ത്രയംബകേശ്വരം മഹാകുംഭമേളയ്ക്കു വേദിയാകുന്ന പഞ്ചവടി മാനവരാശിക്ക് ദൈവം നല്‍കിയ പാരിതോഷികം എന്നറിയപ്പെടുന്ന സര്‍വ്വയോഗിയായ സദ് ജ്ഞാനേശ്വറിന്റെ സമാധി സ്ഥലം ആളന്തി പൂനെയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രവും പശ്ചിമഘട്ട മലനിരകളുമായ ലോണാവാലയിലെ ലയന്‍സ് പോയിന്റും ലോണാവാല മെഴുകു മ്യൂസിയവും സന്ദര്‍ശിച്ചു.ഇതിനോടകം പൈതൃക പട്ടികയില്‍ പെടുന്ന താജ്മല്‍, കുത്തബ് മിനാര്‍, ആഗ്ര കോട്ട, തമിഴ്‌നാട്ടിലെ മാമല്ല പുരം എന്നിവയും സന്ദര്‍ശിച്ചിട്ടുണ്ട്.
യാത്രാ സഘത്തിന് ആവശ്യമായ താമസ സൗകര്യവും ടാക്‌സി സൗകര്യവും പൂനെയിലെ ചിക്ലി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വമാണ് വഹിച്ചത് തങ്ങളുടെ ശാരീരിക പരിമിതികളെ വെല്ലുവിളിച്ചു ഇതിനോടകം ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്തു വരുന്ന ഷാജി തലോറയുടെ സംഘത്തില്‍ ഷിജു കോഴിക്കോട്, രതീഷ് എടാട്ട്, രതീഷിന്റെ ഭാര്യ, സന്തോഷ് ചുഴലി ,സുധന്‍ തിരുവട്ടൂര്‍ എന്നിവരുമുണ്ട്.ഇത്തരത്തിലുളള അഞ്ചോളം ഗ്രൂപ്പുകളായാണ് ഫ്‌ളൈയിലെ അംഗങ്ങള്‍ യാത്രകള്‍ സംഘടിപ്പിക്കുന്നത്.ശാരീരിക ബുദ്ധിമുട്ടുകളില്‍ വിധിയെ പഴിച്ചു വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തങ്ങളുടെ ജീവിതവും സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ഹോമിക്കുന്നവര്‍ക്ക് എന്നും മാതൃകയും പ്രചോദനവുമാണ് ഇവരുടെ യാത്രകള്‍. മനസാണ് പ്രധാനം ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഏതു വെല്ലുവിളികളെയും തരണം ചെയ്യാന്‍ കഴിയുമെന്നാണ് ഈ യാത്രാ സംഘം ലോകത്തോടു വിളിച്ചു പറയുന്ന സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."