മുത്തൂറ്റ് ഫിനാന്‍സിലെ സമരം: സ്ഥാപനം തുറന്നില്ലെങ്കിലും ഇടപാടുകാര്‍ക്ക് പലിശയിളവില്ലെന്ന് മാനേജ്‌മെന്റ്
പാലക്കാട്: ജീവനക്കാരുടെ സമരം നടക്കുന്ന എം.ജോര്‍ജ് മുത്തൂറ്റ് ഫിനാന്‍സില്‍ സ്വര്‍ണപ്പണയത്തില്‍ വായ്പയെടുത്ത ആയിരക്കണക്കിന് ഉപഭോക്താക്കള്‍ സ്വര്‍ണം തിരിച്ചെടുക്കാനാകാതെ പ്രതിസന്ധിയില്‍. അവധിയെത്തിയതും കൂട്ടുപലിശയുടെ കാലയളവെത്തിയ വായ്പകളും ക്ലോസ് ചെയ്ത് ഉരുപ്പടി കൈപ്പറ്റാനാവാതെ വിഷമിക്കുകയാണ് ഉപഭോക്താക്കള്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാന വ്യാപകമായി എം.ജോര്‍ജ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ സമരത്തിലാണ്. തങ്ങള്‍ വായ്പ ക്ലോസ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വര്‍ണം തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെടുന്ന ഉപഭോക്താക്കളോട് കൈമലര്‍ത്തുകയാണ് മാനേജ്‌മെന്റ്. സമരം അവസാനിച്ചശേഷമേ സ്വര്‍ണം തിരിച്ചുകിട്ടുകയുള്ളൂവെന്നും അതുവരെയുള്ള പലിശയും കൂട്ടുപലിശയും സ്വര്‍ണവായ്പയെടുത്ത ഉപഭോക്താക്കള്‍ അടക്കേണ്ടിവരുമെന്നുമാണ് എം.ജോര്‍ജ് മുത്തൂറ്റ് ഗ്രൂപ്പിന്റെ എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആസ്ഥാനത്തെ നമ്പറുകളില്‍ വിളിക്കുന്നവരെ അറിയിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണത്താല്‍ എന്തിനാണ് കൂടുതല്‍ ദിവസത്തെ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതെന്ന ഉപഭോക്താക്കളുടെ ചോദ്യത്തിന് സമരം നടത്തുന്നത് ജീവനക്കാരാണ് മാനേജ്‌മെന്റല്ല എന്നായിരുന്നു ഫോണില്‍ ലഭിച്ച മറുപടിയെന്നും ഇടപാടുകാര്‍ പറയുന്നു.
രാജ്യവ്യാപകമായി 4,333 ശാഖകളാണ് ജോര്‍ജ് എം മുത്തൂറ്റ് ഗ്രൂപ്പിനുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം ഉപഭോക്താക്കള്‍ തങ്ങള്‍ക്കുള്ളതായും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍ കാലാവധി തീരുന്ന വായ്പ ക്ലോസ് ചെയ്ത് സ്വര്‍ണം തിരിച്ചെടുക്കാനാവാതെ പ്രയാസപ്പെടുന്നവര്‍ ഏതാണ്ട് 20 ലക്ഷമെങ്കിലും വരുമെന്നാണ് മുത്തൂറ്റ് ജീവനക്കാര്‍ തന്നെ വ്യക്തമാക്കുന്നത്. ഇവര്‍ തങ്ങളുടെതല്ലാത്ത കാരണത്തിന് പലിശയും കൂട്ടുപലിശയും നല്‍കേണ്ടിയും വരും. സമരം നീണ്ടുപോകുന്നതിനനുസരിച്ച് ഇതിന്റെ തോതും വര്‍ധിക്കും. മാനേജ്‌മെന്റിന് അനഭിമതരായ സ്ത്രീകളടക്കമുള്ള ചില ജീവനക്കാരെ അശാസ്ത്രീയമായി വിദൂരദിക്കുകളിലേക്ക് കൂട്ടത്തോടെ സ്ഥലംമാറ്റിയതിനാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയിസ് യൂനിയന്‍ പ്രവര്‍ത്തകരും മുത്തൂറ്റ് ജീവനക്കാരുമായ സമരക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ സ്ഥാപനത്തെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സി.ഐ.ടി.യുവിന്റെ സഹായത്തോടെ ഏതാനും ജീവനക്കാര്‍ നടത്തുന്ന അക്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് മാനേജ്‌മെന്റ് ഭാഷ്യം. മികച്ച ശമ്പള പാക്കേജാണ് തങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്ന അവകാശവാദവും മുത്തൂറ്റ് മാനേജ്‌മെന്റ് ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."