ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അവിശ്വാസ പ്രമേയത്തെ ചൊല്ലി ബി.ജെ.പിയില്‍ ആഭ്യന്തര കലഹം
നെടുമ്പാശ്ശേരി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചെങ്ങമനാട് ഗ്രാമപഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തെ ചൊല്ലി ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. എല്‍.ഡി.എഫ് അംഗം പ്രസിഡന്റായ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന വാദവുമായി ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ എം.ബി രവിയും എന്നാല്‍ ഇപ്പോള്‍ അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്ന മറുവാദവുമായി സംസ്ഥാന കമ്മിറ്റിയംഗം പഞ്ചായത്ത് മെമ്പറുമായ ലതാ ഗംഗാധരനും നിലപാടെടുത്തതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്.
18 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതമുണ്ട്. ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളുണ്ട്. ഒന്ന് എസ്.ഡി.പി.ഐക്കാണ്. നറുക്കെടുപ്പിലാണ് എല്‍.ഡി.എഫിലെ പി.ആര്‍.രാജേഷ് പഞ്ചായത്ത് പ്രസിഡന്റായത്. പഞ്ചായത്ത് പ്രസിഡന്റ് അംഗങ്ങളോട് തന്‍ പ്രമാണിത്വം കാണിക്കുന്നുവെന്നാരോപിച്ചാണ് എം.ബി. രവിയുടെ നേതൃത്വത്തിലുള്ളവര്‍ അവിശ്വാസത്തിന് നീക്കം നടത്തിയത്.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി മധ്യമേഖല സെക്രട്ടറി പി. കാശിനാഥിന്റെ സാന്നിദ്ധ്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ഇപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നും 2020ലെ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചു.
മാത്രമല്ല അവിശ്വാസ പ്രമേയം പാസാകാന്‍ വിദൂര സാധ്യത പോലും ഇല്ലാത്ത സാഹചര്യത്തില്‍ ഇത്തരം നീക്കങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അപഹാസ്യരാകാന്‍ വഴിവയ്ക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നു.18 അംഗ ഭരണസമിതിയില്‍ ഏറ്റവും ചുരുങ്ങിയത് 10 അംഗങ്ങളെങ്കിലും പിന്നുണച്ചാലേ അവിശ്വാസ പ്രമേയം പാസാകുകയുള്ളു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. സുമേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി രൂപേഷ് പൊയ്യാട്ട് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ തീരുമാനത്തിന് വിരുദ്ധമായി എതിര്‍ വിഭാഗം അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി. ഇതേതുടര്‍ന്ന് പഞ്ചായത്ത് ഭാരവാഹികളില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളില്‍ നിന്നുമെല്ലാം ജില്ലാ പ്രസിഡന്റ് എം.കെ. മോഹന്‍ദാസ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി അംഗങ്ങളായ ജനപ്രതിനിധികളെയും അവഗണിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് രവിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയത്തിലും തെരുവുനായകളെ പിടികൂടി കൊല്ലുന്ന വിഷയത്തിലും ഒറ്റക്കെട്ടായി നിന്നിട്ടും നേട്ടങ്ങള്‍ പ്രസിഡന്റ് സ്വന്തം നേട്ടമാക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."