നഗരസഭയുടെ റോ -റോ വെസല്‍ നീറ്റിലിറക്കി
കൊച്ചി: നഗരസഭയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ റോ -റോ വെസല്‍ ഇന്നലെ നീറ്റിലിറക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജെയിന്‍ നീറ്റിലിറക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. പ്രഫ.കെ വി തോമസ് എം.പി, കൊച്ചിന്‍ ഷിപ്പയാര്‍ഡ് സി.എം.ഡി മധു എസ് നായര്‍, ഫിനാന്‍സ് ഡയറക്ടര്‍ ഡി. പോള്‍ രഞ്ജന്‍, ഓപറേഷന്‍സ് ഡയറക്ടര്‍ എന്‍ വി സുരേഷ് ബാബു, ഷിപ്പ്‌യാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റിചെയര്‍മാന്‍മാര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊച്ചി കോര്‍പ്പറേഷന് വേണ്ടി രണ്ട് റോ-റോ വെസലുകളാണ് ഷിപ്പ്‌യാര്‍ഡ് നിര്‍മിക്കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതാണ് ഇന്നലെ നീറ്റിലിറക്കിയത്.
3.8 കോടി രൂപയാണ് ഒരു വെസലിന്റെ നിര്‍മാണ ചെലവ്. നാലു ലോറികള്‍ (10 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍ അല്ലെങ്കില്‍ മൂന്നു ലോറികള്‍ (13 ടണ്‍), 12 കാറുകള്‍, 50 യാത്രക്കാര്‍, അല്ലെങ്കില്‍ 18 കാറുകള്‍, 50 യാത്രക്കാര്‍ എന്ന രീതിയില്‍ വാഹനങ്ങളേയും യാത്രക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന റോ- റോ വെസലാണിത്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു റോ-റോ വെസല്‍ നിര്‍മിക്കുന്നതും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം റോ-റോ സര്‍വീസ് നടത്തുന്നത്. പശ്ചിമകൊച്ചിയിലെ യാത്രാ ക്ലേശത്തിന് റോ-റോ സര്‍വ്വീസ് ഒരു പരിഹാരമാകും. റോ-റോ (റോള്‍ ഓണ്‍-റോള്‍ ഓഫ്) സര്‍വീസില്‍ ഇരുവശത്തു നിന്നും വാഹനങ്ങള്‍ക്ക് പ്രവേശിക്കാം. ഒരു വശത്തുകൂടി വാഹനങ്ങള്‍ക്ക് പ്രവേശിക്കുകയും മറുവശത്ത് കൂടി വാഹനങ്ങള്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാം. റോ-റോ സര്‍വീസ് പ്രാവര്‍ത്തികമാകുന്നതോടെ പശ്ചിമകൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ സാധിക്കും. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയതോതില്‍ ശമനമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."