മലമ്പുഴ സ്‌നേക്ക് പാര്‍ക്ക് ഇനി മുതല്‍ പാമ്പുകളുടെ അഭയകേന്ദ്രം
മലമ്പുഴ: മലമ്പുഴ ഉദ്യാനത്തിനു സമീപത്ത് വനംവകുപ്പിനു കീഴിലുള്ള സ്‌നേക്ക് പാര്‍ക്ക് ഇനി പാമ്പുകളുടെ അഭയകേന്ദ്രം. ദേശീയ സൂ അതോറിറ്റിയാണ് അഭയകേന്ദ്രമെന്ന പദവി പുതുക്കി നല്‍കിയത്. പരുക്കേറ്റതോ പിടിക്കപ്പെടുന്നതോ ആയ പാമ്പുകളെ പാര്‍പ്പിക്കാനുള്ള ഇടമെന്നാണ് അഭയകേന്ദ്രം പദവി കൊണ്ടുദ്ദേശിക്കുന്നത്. ചെറിയ വിഭാഗത്തില്‍പ്പെട്ട മൃഗശാലയെന്ന പദവിയും നേരത്തെ ലഭിച്ചിരുന്നു. 2011 ല്‍ അഭയകേന്ദ്രമെന്ന പദവി ലഭിച്ചെങ്കിലും സൂ അതോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷം പദവി പുതുക്കി നല്‍കിയിരുന്നില്ല. പാമ്പിന്‍ കൂടുകളുടെ വലുപ്പം കൂട്ടി അവയ്ക്ക് സഞ്ചരിക്കാനുള്ള കൂടുതല്‍ സൗകര്യമൊരുക്കിയതോടെയാണ് അഭയകേന്ദ്രമെന്ന പദവിക്കു അര്‍ഹത ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം പാര്‍ക്ക് സന്ദര്‍ശിച്ച അതോറിറ്റി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മികച്ച രീതിയിലാണ് സ്‌നേക്ക് പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടിലുണ്ട്. 2003 ല്‍ വൈല്‍ഡ് ലൈഫ് ആക്ട് നിലവില്‍ വന്നതോടെയാണ് സ്‌നേക്ക് പാര്‍ക് ദേശീയ സൂ അതോറിറ്റിയുടെ കീഴിലായത്. രാജവെമ്പാല, മൂര്‍ഖന്‍, അണലി തുടങ്ങി വിഷമുള്ളതും മലമ്പാമ്പ്, ഇരുതലയന്‍ മൂരി തുടങ്ങി വിഷമില്ലാത്തതും ഉള്‍പ്പെടെ 23 ഇനം പാമ്പുകളെ ഇവിടെ വളര്‍ത്തുന്നുണ്ട്.
ആള്‍ താമസമുള്ള ഇടങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടിയാണ് ഇവിടെയെത്തിക്കുന്നത്. കൂടുതല്‍ പാമ്പുകളെത്തിയാല്‍ അവയെ ഉള്‍ക്കാട്ടിലേക്കു കൊണ്ടുവിടും. ചാലക്കുടി പുഴയില്‍ നിന്നുമെത്തിച്ച ചീങ്കണ്ണിയും 10 വര്‍ഷമായി സ്‌നേക്ക് പാര്‍ക്കിലെ അതിഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."