സഹകരണബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത് നിറുത്തിവച്ചു
പാലക്കാട്: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിന്റെ പേരില്‍ ജില്ലയിലെ സഹകരണബാങ്കുകള്‍ വായ്പ നല്‍കുന്നത് നിറുത്തിവെച്ചു. കഴിഞ്ഞ ആഴ്ചകളില്‍ വായ്പ പാസായവര്‍ക്കുളള തുകയാണ് അകാരണമായി റദ്ധുചെയ്തിട്ടുളളത്. ഇതുമൂലം ലോണ്‍ തുക പ്രതീക്ഷിച്ചിരുന്നവര്‍ ആത്മഹത്യമുനമ്പിലായി. വീടിന്റെ ആധാരം പണയപ്പെടുത്തി കല്യാണം ആവശ്യങ്ങള്‍ക്കായി ലോണിന് അപേക്ഷിച്ചവരാണ് ഇപ്പോള്‍ വഴിയാധാരമായിട്ടുളളത്.
കല്യാണനാള്‍ ഇങ്ങ് അടുത്തെത്തിയതോടെ പൈസയ്ക്ക് ഇനി ആരുടെ മുന്നില്‍ കൈനീട്ടണമെന്ന് ഇവര്‍ക്കറിയില്ല. രണ്ടാഴ്ചമുന്‍പ് പാസായ ലോണിന്റെ തുക ഈയാഴ്ച നല്‍കുമെന്നാണ് ബാങ്ക് അധികൃതര്‍ ഇടപാടുകാരെ അറിയിച്ചത്. എന്നാല്‍ പറഞ്ഞ തിയതിക്ക് ലോണ്‍ തുക വാങ്ങാനെത്തിയപ്പോഴാണ് സഹകരണബാങ്കുകളുടെ ഇരുട്ടടി ഇടപാടുകാര്‍ക്ക് ഏല്‍ക്കേണ്ടിവന്നത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി വന്നതുകൊണ്ട് തല്‍ക്കാലം ലോണ്‍തുക നല്‍കാനാവില്ലെന്ന നിലപാടായിരുന്നു ബാങ്കുകള്‍ സ്വീകരിച്ചത്. പുതിയ നോട്ടുകള്‍ വന്നതുകൊണ്ട് ഇടപാടുകളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ലോണ്‍ തുക നേരിട്ടുനല്‍കുന്നതിനു പകരം മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സഫര്‍ ചെയ്തുതന്നാല്‍ മതിയെന്നു ചില ഇടപാടുകാര്‍ പറഞ്ഞുനോക്കിയെങ്കിലും അതൊന്നും ബന്ധപ്പെട്ടവര്‍ ചെവിക്കൊണ്ടില്ല. കല്യാണ ആവശ്യങ്ങള്‍ക്കുളള തുക എവിടെ നിന്നെങ്കിലും കടം വാങ്ങിക്കാന്‍ അവര്‍ ഉപദേശിക്കുകയും ചെയ്തു. നോട്ടിന്റെ പ്രശ്‌നങ്ങള്‍ തീര്‍ന്നാലുടന്‍ ലോണ്‍ തുക നല്‍കാമെന്നാണ് സഹകരണ ബാങ്കുകളുടെ വാഗ്ദാനം.
500, 1000 എന്നിവയുടെ കറന്‍സികള്‍ അസാധുവാക്കിയതോടെ സഹകരണബാങ്കുകള്‍ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. കോടികണക്കിന് രൂപയുടെ നിക്ഷേപമാണ് ജില്ലയിലെ പല ബാങ്കുകളിലുമുളളത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി വന്ന സാഹചര്യത്തില്‍ ആ നിക്ഷേപത്തിനുളള കണക്കുകള്‍ ബോധിപ്പിക്കേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കണക്കുകളിലെ കളിക്കായി സഹകരണപ്രസ്ഥാനങ്ങള്‍ പാവങ്ങളുടെ വയറ്റത്തടിച്ചത്.
ജില്ലാ സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിലും ജില്ലയിലെ മറ്റു ശാഖകകളിലും പാസാക്കിയ ലോണിന് തുക നല്‍കേണ്ടെന്ന തീരുമാനം ഉത്തരവായി ഇറങ്ങി. പറളി ശാഖയില്‍ 20-ഓളം പേര്‍ക്കാണ് അടുത്തിയിടെ ലോണ്‍ പാസായിട്ടുളളത്. ഈയടുത്ത ദിവസങ്ങളിലാണ് പലരെയും പൈസ വാങ്ങിക്കാനായി ബാങ്കില്‍ വരാന്‍ ആവശ്യപ്പെട്ടത്. അപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ഉടന്‍ തന്നെ ലോണ്‍ തുക വാങ്ങിക്കാനെത്തിയവരെയെല്ലാം അവര്‍ വെറും കയ്യോടെ മടക്കി അയച്ചു.
ഇങ്ങിനെ അയക്കപ്പെട്ടവരില്‍ പലരും കല്യാണആവശ്യത്തിനായാണ് ലോണ്‍ അപേക്ഷിച്ചിട്ടുളളത്. ലോണ്‍ മുടങ്ങിയതോടെ സ്വര്‍ണം, വസ്ത്രം എന്നിവ എടുക്കാനുളള നെട്ടോട്ടത്തിലാണ് ഇവര്‍. പറളി ബാങ്കും പറയുന്നത് കടം വാങ്ങിക്കാനാണ്. നോട്ട് പ്രശ്‌നം തീര്‍ന്നുകഴിഞ്ഞാല്‍ ലോണ്‍ തുക നല്‍കാമെന്നും ഇവര്‍ വാഗ്ദാനം നിരത്തുന്നുണ്ട്. അതേസമയം വീടിന്റെ ആധാരം ബാങ്കില്‍ പണയപ്പെടുത്തിയതിനാല്‍ ഇടപാടുകാര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ കഴിയാതെയുമായി. ആധാരം തിരിച്ചുചോദിക്കുമ്പോള്‍ തരാന്‍ ബാങ്ക് കൂട്ടാക്കുന്നി്‌ല്ലെന്നും ഇടപാടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."