വൈദ്യുതി മിച്ചമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം അടിസ്ഥാനരഹിതം: കാനം രാജേന്ദ്രന്
തിരുവനന്തപുരം: രാജ്യത്തു വൈദ്യുതി ഉല്പാദനം ആവശ്യത്തേക്കാള്‍ അധികമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജ്യത്തെ ആറു കോടിയിലധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി ഇനിയും അപ്രാപ്യമാണ്. 30 കോടിയിലധികം വരുന്ന ജനസംഖ്യയെ വൈദ്യുതി സംവിധാനത്തിനു പുറത്തുനിര്‍ത്തി വൈദ്യുതി മിച്ചമാണെന്ന് മോദി സര്‍ക്കാര്‍ പറയുന്നതു സ്വകാര്യ ഉല്പാദകരെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് (എ.ഐ.എഫ്.ഇ.ഇ) 15-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.എഫ്.ഇ.ഇ വര്‍ക്കിങ് പ്രസിഡന്റ് ഹിമാന്ഷുദാസ് അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്, എ.ഐ.എഫ.്ഇ.ഇ ജനറല്‍ സെക്രട്ടറി ചക്രധാര്‍ പ്രസാദ് സിംഗ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.എന്‍. രാജന്, കേരള ഇലക്ടിസിറ്റി ഓഫിസേഴ്സ് ഫെഡറേഷന് പ്രസിഡന്റ് എസ്.വിജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എ.ഐ.എഫ്.ഇ.ഇ ജനറല്‍ സെക്രട്ടറി ചക്രധാര്‍ പ്രസാദ് സിംഗ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ഡി. യാഥവ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. ദേശീയ സമ്മേളന സുവനീര്‍ സംസ്ഥാന ഭക്ഷ്യവകുപ്പുമന്ത്രി പി. തിലോത്തമന് പ്രകാശനം ചെയ്തു. മന്ത്രി അഡ്വ. കെ. രാജു സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."