ഭരണിക്കാവ് സ്റ്റാന്റില്‍ ബസുകള്‍ കയറി; ഗതാഗതക്കുരുക്കിന് ആശ്വാസം
ശാസ്താംകോട്ട: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഭരണിക്കാവിലെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ഇന്നലെ മുതല്‍ ബസുകള്‍ കയറിത്തുടങ്ങി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗതാഗത വകുപ്പു മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. ഭരണിക്കാവ് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുവേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയായിരുന്നു സ്റ്റാന്റ് യാഥാര്‍ഥ്യമാക്കിയത്.
ഉദ്ഘാടനം കഴിഞ്ഞെങ്കിലും കെ.എസ്.ആര്.ടി.സി ബസുകള്‍ സ്റ്റാന്റില്‍ കയറിയില്ല.ഇതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകളും സ്റ്റാന്റ് ബഹിഷ്കരിച്ചു. ഇതോടെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റാന്റ് പ്രയോജനമില്ലാതായി.നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമായി തന്നെ തുടര്‍ന്നു. പിന്നീട് വിവിധ സംഘടനകളുടേയും മറ്റും നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസം സ്റ്റാന്റ് യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി നടന്ന ചര്‍ച്ചയില്‍ സ്വകാര്യബസ് പ്രതിനിധികളും കെ.എസ്.ആര്.ടി.സി അധികൃതരും പങ്കെടുക്കുകയും ഇന്നലെ മുതല്‍ ബസുകള്‍ കയറാമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു.
നിലവിലെ സ്റ്റോപ്പുകളില്‍ യാത്രക്കാരെ ഇറക്കിയ ശേഷം സ്റ്റാന്റില്‍ ബസുകള്‍ പാര്ക്കുചെയ്യാമെന്നും കൂടുതല്‍ സമയം ടൗണില്‍ നിര്ത്തിയിടില്ലെന്നും ഇവര്‍ ഉറപ്പ് നല്കി. സ്റ്റാന്റില്‍ കയറാത്ത ബസുകള്‍ക്കെതിരെയും തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെയും മോട്ടോര്‍വാഹന വകുപ്പ് കര്‍ശന നടപടിയെടുക്കും.
തുടര്‍ന്ന് ഇന്നലെ മുതല്‍ ബസുകള്‍ സ്റ്റാന്റില്‍ കയറിത്തുടങ്ങി. ഇതിനിടെ ചില കെ.എസ്.ആര്.ടി.സി ബസുകള്‍ തീരുമാനത്തിന് വിരുദ്ധമായി സ്റ്റാന്റില്‍ കയറാതെ പഴയപടി സഞ്ചരിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."