റോഡിനു കുറുകെ വനംവകുപ്പ് അധികൃതര്‍ ട്രഞ്ച് കുഴിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍
കോതമംഗലം: നാല്പത് വര്‍ഷത്തോളമായി നാട്ടുകാര്‍ ഉപയോഗിച്ചു വന്നിരുന്ന റോഡിന് കുറുകെ വനംവകുപ്പ് അധികൃതര്‍ ട്രഞ്ച് താഴ്ത്തിയത് പ്രതിഷേധത്തിനിടയാക്കി.
തലക്കോട് ചുള്ളിക്കണ്ടം റോഡില്‍ ഇഞ്ചിപ്പാറ ഫോറസ്റ്റ് ജങ്ഷനിലാണ് നാല് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ ഇന്നലെ തലക്കോട് മുള്ളരിങ്ങാട് റേഞ്ച് ഓഫിസ് അധികൃതര്‍ ട്രഞ്ച് കുഴിച്ചത്. ട്രഞ്ച് കുഴിച്ച ഭാഗം വര്‍ഷകാലത്ത് വെള്ളക്കെട്ട് നിറഞ്ഞ് ചെളിക്കുണ്ടാവുക പതിവാണ്.
ഇതു മൂലം നടക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ നാട്ടുകാരില്‍ ചിലര്‍ ആറ് മാസം മുന്‍പ് റോഡിന് കുറുകെ കാന താഴ്ത്തി പൈപ്പിട്ടു മൂടി വെള്ളം തിരിച്ചു വിട്ടിരുന്നു. ഈ വിഷയത്തില്‍ നാട്ടുകാരായ 3 ആളുകളുടെ പേരില്‍ വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ ജെ.സി.ബി.യുമായി എത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിന് കുറുകെ ട്രഞ്ച് താഴ്ത്തി കോണ്ക്രീറ്റ്പൈപ്പുകള് നീക്കം ചെയ്തത്.
ഒരു മീറ്റര്‍ ആഴത്തിലുള്ള ട്രഞ്ച് അതേപടി നില നില്‍ക്കുകയാണ്.ഇതോടെ സ്കൂള്‍ വിദ്യാര്‍ത്ഥികളും വൃദ്ധരുമടക്കം ഉപയോഗിച്ചിരുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായി.
അധികൃതരുടെ നടപടിക്കെതിരെ തലക്കോട് മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ പി.ടി.ബെന്നി, പി.എം.എ.കരീം, പി.എസ്.ബഷീര്‍, ബെന്നി കൂറ്റപ്പിള്ളി, ജോസ് ഐപ്പാറ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."