സംസ്ഥാന സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവം മലയുടെ മടിത്തട്ടില്‍ കലോത്സവ വേദി; പ്രകൃതി സൗന്ദര്യത്തില്‍ മയങ്ങി സദസ്
അടിമാലി: പ്രകൃതി സൗന്ദര്യത്തിന്റെ മനംമയക്കുന്ന സാന്നിധ്യം കൊണ്ട് മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ വിസ്മയിപ്പിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവം. ഇരുവശവും തലയുയര്‍ത്തി നില്‍ക്കുന്ന ചിന്നപ്പാറ മലയും കുരങ്ങാട്ടി മലയും പൂത്തുതളിര്‍ത്തു നില്‍ക്കുന്ന താഴ്‌വാരത്തിന്റെ മഞ്ഞണിഞ്ഞ പച്ചപ്പും കലോത്സവ വേദിയിലെ മത്സരങ്ങള്‍പോലെ അവര്‍ക്ക് മനംകുളിര്‍പ്പിക്കുന്നതായി.
അടിമാലി ജൂമാ മസ്ജിദും, ചാറ്റുപാറയിലെ പശ്ചിമ മൂകാംബിക സരസ്വതി ക്ഷേത്രവും ചിന്നപ്പാറയിലെ അയ്യപ്പക്ഷേത്രവും കുരങ്ങാട്ടി മലയിലെ ഭദ്രകാളി ദേവീക്ഷേത്രവും സെന്റ് ജൂഡ്, സെന്റ് അസീസി, സെന്റ് തേരേസ, സെന്റ് മാര്‍ട്ടിന്‍ ദേവാലയങ്ങളും കലോത്സവ വേദിക്ക് ചൈതന്യം പകരുന്നു.
ചിന്നപ്പാറ മലയുടെ മടിത്തട്ടിലാണ് കലോല്‍സവ വേദിയായ വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍. വേദിയില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ മാനം തൊട്ട് നില്‍ക്കുന്ന ചിന്നപ്പാറക്കുടി മലയുടെ ശിഖരങ്ങളാണ്. എതിര്‍വശത്ത് പ്രകൃതി സൗന്ദര്യം കൊണ്ട് മൂന്നാര്‍ മലകളെ പോലും അതിശയിപ്പിക്കുന്ന കുരങ്ങാട്ടി മല കരിമ്പാറക്കൂട്ടങ്ങളും ചുവന്നുതുടുത്ത താഴ്‌വരയുമായി തലയുയര്‍ത്തി നില്‍ക്കുന്നു. സെറ്റില്‍മെറ്റ് മേഖലയായ കുരങ്ങാട്ടി മലയില്‍ നിന്ന് നോക്കിയാല്‍ അടിമാലിയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കലോത്സവത്തിനെത്തിയവര്‍ പലരും ഇടവേളകളില്‍ വേദിക്ക് ചുറ്റുമുള്ള പ്രകൃതിയുടെ സൗന്ദര്യത്തില്‍ അലിഞ്ഞു ചേരാന്‍ സമയം കണ്ടെത്തുന്നുണ്ട്.
സ്‌കൂള്‍ കലോത്സവം മൂന്നാറിനടുത്തായതിനാല്‍ വിനോദയാത്രയുടെ മാനസികാവസ്ഥയിലാണ് പലരും. മൂന്നാറിനും അടിമാലിക്കുമിടയിലുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് ടീമുകള്‍ താമസത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കലോത്സവ വേദിയില്‍ മത്സരത്തിന്റെ പിരിമുറുക്കം കുറക്കാന്‍ പ്രകൃതിയുടെ മാസ്മരികത കാരണമാകുന്നുണ്ടെന്ന് സംഘാടകര്‍ ചുണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."