പുതിയ നോട്ട് പുറത്തിറക്കിയത് നിയമവിരുദ്ധം: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പുതിയ 2,000 രൂപ നോട്ട് അച്ചടിച്ചുപുറത്തിറക്കിയത് നിയമവിരുദ്ധമായിട്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പുതിയ നോട്ട് ഇറക്കുമ്പോള്‍ മുന്‍കൂട്ടി വിജ്ഞാപനം ഇറക്കണമെന്ന് റിസര്‍വ്ബാങ്കിന്റെ ചട്ടംപറയുന്നുണ്ടെന്നും ഇത് കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കി. നോട്ടുകള്‍ അസാധുവായതായി ഈ മാസം എട്ടിന് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് റിസര്‍വ്വ് ബാങ്ക് നിയമപ്രകാരം ഒരു നിയമസാധുതയും ഇല്ല. നോട്ടുമാറ്റിവാങ്ങുന്നവരുടെ കയ്യില്‍ മഷിപുരട്ടുന്നതിനെതിരേയും ആനന്ദ് ശര്‍മ്മ വിമര്‍ശിച്ചു. ഏകാധിപതികളാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് ഇങ്ങനെ അടയാളപ്പെടുത്തിയിരുന്നു. ദേശീയതയുടെയും കള്ളപ്പണത്തിന്റെയും പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനന്ത്രി രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 360 പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെ രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഭരണഘടനയെയും നിയമങ്ങളെയും കുറിച്ച് നിരക്ഷരരാണ് പ്രധാനമന്ത്രിയും അദ്ദേഹത്തെ പിന്തുണക്കുന്നവരും. പ്രധാനമന്ത്രിയ്‌ക്കോ ധനകാര്യമന്ത്രിക്കോ ജനങ്ങള്‍ അവരുടെ ബാങ്ക് അക്കൗണ്ടിലെ പണം യഥേഷ്ടം പിന്‍വലിക്കുന്നതിനെ തടയാന്‍ ആവില്ല. പിന്‍വലിക്കാവുന്ന തുകയ്ക്കു പരിധിവയ്ക്കാനുമുള്ള അധികാരം സര്‍ക്കാരിന് ഇല്ല. ഇതെല്ലാം കണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പറയുന്നത്. പണം ജനങ്ങളുടേതാണ്. ആ പണത്തിനു വേണ്ടി അവരെ യാചിക്കുന്നവരാക്കുന്നത് രാജ്യത്ത് ഇതുവരെ സംഭവിക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: നോട്ട്‌നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ചു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചില ആളുകള്‍ക്ക് വേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും പണത്തിന് വേണ്ടി രാജ്യത്തെ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ വരി നില്‍ക്കുന്ന പാവപ്പെട്ടവരുടെ കാര്യത്തില്‍ അദ്ദേഹത്തിന് ആശങ്കയില്ലെന്നും രാഹുല്‍ പറഞ്ഞു. 'ഞാനിന്ന് ബാങ്കുകളില്‍പ്പോയി അവിടുത്തെ സാഹചര്യങ്ങള്‍ നേരിട്ട് കണ്ടു. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ എന്നോടു പറഞ്ഞു. ബാങ്കുകള്‍ തിരഞ്ഞെടുക്കപ്പെട്ട ചില ആളുകള്‍ക്കു വേണ്ടി പിന്‍വാതിലിലൂടെ പണം എത്തിച്ചു കൊടുക്കുന്നു. വരി നില്‍ക്കുന്നവര്‍ക്ക് പണം ലഭിക്കുന്നില്ല. സ്വന്തം മന്ത്രിമാരുടെ വാക്കുകള്‍ക്ക് പോലും ചെവികൊടുക്കാതെ തന്നിഷ്ടത്തിന് പ്രവര്‍ത്തിക്കുന്നയാളാണ് മോദി'- രാഹുല്‍ പറഞ്ഞു. പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തീരുമാനം വെറും രണ്ടോ മൂന്നോ ആളുകളോട് മാത്രം ആലോചിച്ചാണ് മോദി ചെയ്തത്. ഇത് പാവപ്പെട്ടവരെയും കര്‍ഷകരെയുമെല്ലാം എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം ആലോചിച്ചില്ല. സാധാരണക്കാരെ വെയിലത്തു നിര്‍ത്തിയാണ് ബാങ്കുകള്‍ പിന്‍വാതിലിലൂടെ ഇടപാട് നടത്തുന്നത്. മൂന്നു ദിവസമായി വരി നിന്നവര്‍ പോലും പണം ലഭിക്കാതെ മടങ്ങിപ്പോകുന്നു. ആര്‍ക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. സാധാരണക്കാരുടെ പണം കൊണ്ട് ബാങ്കുകള്‍ നിറയ്ക്കുന്നു.
എന്നിട്ട് സമ്പന്നരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. നഷ്ടമുണ്ടാകുന്നത് സാധാരണക്കാര്‍ക്ക് മാത്രം. ഇക്കാര്യങ്ങളിലെല്ലാം പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ മോദി പാര്‍ലമെന്റില്‍ വന്ന് പ്രതികരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."