കുവൈതില്‍ 7300 വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യന്റെ വിരലടയാളം കണ്ടെത്തി
റിയാദ്: കുവൈതില്‍ 7300 വര്‍ഷങ്ങള്‍ പഴക്കമുള്ള മനുഷ്യന്റെ വിരലടയാളം പര്യവേഷണ സംഘം കണ്ടെത്തി. വടക്കന്‍ കുവൈത്തിലെ ഷത്ബിയ്യ മേഖലയില്‍ ശിലായുഗത്തിലേതെന്ന് കരുതുന്ന മനുഷ്യന്റെ വിരലടയാളം കണ്ടെത്തിയത്. മണ്‍പാത്രത്തിന്റെ അവശിഷ്ടങ്ങളില്‍ പതിഞ്ഞ നിലയില്‍ കണ്ടെത്തിയ വിരലടയാളം ബിസി 8700- 2000 കാലഘട്ടത്തിനിടയിലുള്ളതെന്നാണ് അനുമാനം.
അഞ്ച് സ്വദേശികളും പോളണ്ടുകാരായ 11 പേരും ഉള്‍പ്പെട്ട പര്യവേഷണ സംഘമാണ് ഇതു കണ്ടെത്തിയതെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍, ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ് (എന്‍.സി.സി.എ.എല്‍) അറിയിച്ചു. നേരത്തെയും ഈ ഭാഗങ്ങളില്‍ നിന്നും ഖനനത്തിനിടയില്‍ പലതരത്തിലുള്ള പുരാതന വസ്തുക്കളും ലഭിച്ചിരുന്നു.
പുരാതന നഗരം, വിഗ്രഹാരാധനാകേന്ദ്രം, സെമിത്തേരി തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നത്. അതിന്റെ ബാക്കി പത്രങ്ങളായിരിക്കുമിതെന്ന് എന്‍.സി.സി.എ.എല്‍ ആര്‍ക്കിയോളജിക്കല്‍ ആന്റ് മ്യൂസിയം ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ: സുല്‍താന്‍ അല്‍ ദുവീശ് പറഞ്ഞു.
മനുഷ്യസംസ്‌കാരത്തിന്റെ അതിപുരാതന സാന്നിധ്യം ഉള്‍പ്പെടെ നിര്‍ണ്ണായകമായ പല സൂചനകളും നല്‍കുന്ന മേഖലയെ ആഗോള പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യുഎന്‍ നിയന്ത്രിത വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക സമിതിയുമായി കൂടിയാലോചന നടത്തുമെന്നും എന്‍.സി.സി.എ.എല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡോ. മുഹമ്മദ് ബു സയാന്റെ നേതൃത്വത്തില്‍ യുനസ്‌കോ സംഘം സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."