ജില്ലാ ജഡ്ജി തുണയായി; കൊമ്മഞ്ചേരിക്കാര്‍ കാടിറങ്ങി
സുല്‍ത്താന്‍ ബത്തേരി: ജില്ലാ ജഡ്ജിയുടെ ഉത്തരവ് പ്രകാരം പതിറ്റാണ്ടുകളായി വനത്തിനുള്ളില്‍ വന്യമൃഗങ്ങളോട്് പൊരുതി ജീവിച്ച കൊമ്മഞ്ചേരി നിവാസികളെ കാടിന് പുറത്തെത്തിച്ചു. കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട അഞ്ചു കുടുംബങ്ങളെയാണ് ബുധനാഴ്ച രാവിലെ കാടിനു പുറത്തെത്തിച്ചത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍പെട്ട വനാന്തര്‍ ഗ്രാമമാണ് കൊമ്മഞ്ചേരി. ചെതലയം കൊമ്പന്‍മൂലയില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ താല്‍ക്കാലികമായി നിര്‍മിച്ച ഷെഡുകളിലേക്കാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്.
കോളനിയില്‍ മൊത്തം 26 അംഗങ്ങളാണുള്ളത്. ഇതില്‍ 95വയസുകാരിയും ഉണ്ട്്. പതിറ്റാണ്ടുകളായി ഇവരെ കാടിന് പുറത്തെത്തിക്കാനായി നിരവധി പദ്ധതികള്‍ തയാറാക്കിയെങ്കിലും നടപ്പായിട്ടില്ല. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കണ്ണിയന്‍ അഹമ്മദ്കുട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് ബത്തേരി സബ്ജഡ്ജി സ്ഥലം സന്ദര്‍ശിച്ച് ഇവരുടെ ദുരിതപൂര്‍ണ ജീവിതം ജില്ലാജഡ്ജിയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ജില്ലാ ജഡ്ജി ഇവരെ ഉടന്‍ കാടിന് പുറത്തേക്ക് മാറ്റിപാര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്. ഇവര്‍ക്ക് താല്‍ക്കാലികഷെഡ് നിര്‍മിക്കാന്‍ ട്രൈബല്‍ വകുപ്പ് അനുവദിച്ച 50,000രൂപ കൊണ്ടാണ് അഞ്ചു ഷെഡുകള്‍ നിര്‍മിച്ചത്. ഉപജീവനത്തിനായി ട്രൈബല്‍ വകുപ്പ് ഒരു കുടുംബത്തിന് രണ്ട് പോത്തുകുട്ടികളെ വീതവും നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ചതുപ്പ് നിലത്ത് കൃഷിചെയ്യാന്‍ താല്‍പര്യമുണ്ടങ്കില്‍ അതിനുള്ള സാമ്പത്തിക സഹായവും നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ കുടുംബങ്ങളെ അറിയിച്ചിട്ടുമുണ്ട്.
ഇപ്പോള്‍ താല്‍ക്കാലിക കൂരകളാണെങ്കിലും ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പുനരാരംഭിക്കുന്നതോടെ പ്രഥമപരിഗണന നല്‍കി ഭൂമിയും വീടും നല്‍കാനാണ് തീരുമാനമെന്ന്് കൗണ്‍സിലര്‍ പറഞ്ഞു. കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി എ.എസ്.ഐ അബ്ദുല്‍സലാമിന്റെ നേതൃത്വത്തില്‍ ബത്തേരി ജനമൈത്രി പൊലിസും എത്തിയിരുന്നു. പുതിയ വീട്ടില്‍ കൊമ്മഞ്ചേരിക്കാര്‍ എത്തിയപ്പോള്‍ മധുരവും വിതരണവും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."