വെള്ളിമൂങ്ങയ്ക്കു പിന്നാലെ ഈനാംപേച്ചിയും; 'ദിവ്യശക്തി' ഉല്പന്നമാക്കി കച്ചവടം തകൃതി
നിലമ്പൂര്‍: ഇരുതലമൂരി, നക്ഷത്ര ആമ, വെള്ളിമൂങ്ങ എന്നിവയ്ക്കു പിന്നാലെ ദിവ്യശക്തിയുണ്ടെന്നു വിശ്വസിപ്പിച്ച് ഈനാംപേച്ചിയേയും വില്പന നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്തു സജീവമെന്നു വനപാലകര്‍. വന്യജീവികളെ മോഹവിലയ്ക്കു വില്പന നടത്തുന്ന സംസ്ഥാനാന്തര സംഘത്തിലെ പ്രധാന കണ്ണികളെയാണ് കഴിഞ്ഞ ദിവസം വനപാലകര്‍ കാളികാവ് റെയ്ഞ്ചില്‍ പിടികൂടിയത്.
വനം രഹസ്യാന്വേഷണ വിഭാഗം സൗത്ത് ഡി.എഫ്.ഒ കെ. സജിക്കു ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു അഞ്ചംഗ സംഘം പിടിയിലായത്. ഇതില്‍ പിടിയിലായ അസീസിന്റെ വീട്ടുമുറ്റത്തെ കാറില്‍ പിന്‍സീറ്റിന്റെ അടിയില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ച നിലയിലാണ് ഈനാംപേച്ചിയെ കണ്ടെത്തിയത്. ഇടനിലക്കാരന് 30 ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. ആദിവാസിക്ക് 5,000 രൂപ നല്‍കിയാണ് സംഘം ഈനാംപേച്ചിയെ വാങ്ങിയത്. അറസ്റ്റിലായ സംഘത്തിന് അഞ്ചു ലക്ഷം രൂപയാണ് ഇടനിലക്കാരനായ തൃശൂരിലെ ഹരിദാസ് നല്കാമെന്നേറ്റത്.
ചൈനീസ്, ബര്മന് വംശജര്‍ ഈനാംപേച്ചിയെ വീട്ടില്‍ വളര്‍ത്തിയാല്‍ സാമ്പത്തികമായി അഭിവൃത്തിയുണ്ടാകുമെന്നു വിശ്വസിക്കുന്നുണ്ട്. ഐശ്വര്യവും സമ്പത്തും കൈവരുമെന്നു വിശ്വസിപ്പിച്ചാണ് ഇത്തരം ജീവികളെ വില്പന നടത്തുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ചില ജനവിഭാഗങ്ങളില്‍ ഈ വിശ്വാസം നിലനില്‍ക്കുന്നുണ്ട്. വെള്ളിമൂങ്ങ, ഈനാംപേച്ചി എന്നിവയാണ് സംഘം കൂടുതലായി പിടികൂടുന്നത്. വിദേശങ്ങളിലെ മാര്ക്കറ്റുകളിലെത്തിക്കാനുള്ള ഇടനിലക്കാരും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."