ആറരലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ റിമാന്‍ഡില്‍
ചേര്‍ത്തല: കള്ളപ്പണം കൈമാറുന്നതിനിടെ മര്‍ദിച്ചു പണം തട്ടിയെടുത്ത സംഭവത്തില്‍ മാരാരിക്കുളം പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി എസ്.എന്‍ പുരം നികര്‍ത്തില്‍ വീട്ടില്‍ കെ ദീപു(21), വനസ്വര്‍ഗം പള്ളിക്കു സമീപം വനസ്വര്‍ഗം വെളിയില്‍ വീട്ടില്‍ ടി ടിന്‍സോ(23), കണിച്ചുകുളങ്ങര തളിയനാട്ട് വീട്ടില്‍ എ അമല്‍ജിത്(21), ചേര്‍ത്തല തെക്ക് കമ്പിയകത്ത് വീട്ടില്‍ എസ് സന്ദു(21) എന്നിവരെയാണു കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
മര്‍ദനത്തിന് ഇരയായ മണ്ണഞ്ചേരി സ്വദേശി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ആറരലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലിസിനു നല്‍കി. പലരില്‍ നിന്നു സംഭാവനയായി ലഭിച്ച പണമാണിതെന്നാണ് ഇയാള്‍ പറയുന്നത്. ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നു പൊലിസ് പറഞ്ഞു.
എന്നാല്‍ കള്ളപ്പണക്കാരെ സഹായിക്കുന്ന നിലപാടാണ് പൊലിസ് സ്വീകരിക്കുന്നതെന്ന ആരോപണവുമായി ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിട്ടുണ്ട്. ആറരലക്ഷം രൂപയുടെ പുതിയ 2000 രൂപയുടെ നോട്ടുകള്‍ ഇവര്‍ക്ക് എങ്ങനെ കിട്ടിയെന്നതു സംബന്ധിച്ച് അന്വേഷണം ആദായനികുതി വകുപ്പാണു നടത്തേണ്ടതെന്നും ഇതില്‍ പൊലിസ് നടത്തുന്ന അന്വേഷണം യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണെന്നുമാണു ഡി.വൈ.എഫ്.ഐ കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ ആരോപണം.
വിവാഹാവശ്യത്തിനായി പണം ആവശ്യമുണ്ടെന്നും ആറരലക്ഷം രൂപ നല്‍കിയാല്‍ പകരം അസാധുവായ എട്ടരലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിലാണു കഴിഞ്ഞ ഞായര്‍ രാത്രി തിരുവിഴക്ക് സമീപത്തെ വീട്ടില്‍ മണ്ണഞ്ചേരി കണ്ടത്തില്‍ റെജീഷ്(32) സുഹൃത്തിനൊപ്പം പണവുമായി എത്തിയത്. എന്നാല്‍ മാരകായുധങ്ങളുമായി കാത്തു നിന്ന പ്രതികള്‍ ഇവരെ അക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണു പരാതി. അക്രമത്തിന് ഇരയായവര്‍ പരാതി നല്‍കാത്ത സാഹചര്യത്തില്‍ പൊലിസ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് മൊഴി രേഖപ്പെടുത്തിയാണ് കേസെടുത്തത്. മറ്റ് പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."