കുട്ടനാട് വന്‍ മടവീഴ്ച; 600 ഏക്കറിലെ നെല്‍ക്കൃഷിനശിച്ചു
കുട്ടനാട്: മടവീണ് കുട്ടനാട്ടിലെ ഡി ബ്ലോക്ക് പുത്തനാറായിരം കായല്‍ പാടശേഖരത്തിലെ കൃഷി നശിച്ചു.600 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ 12 ദിവസം മുമ്പാണ് കൃഷിയിറക്കിയത്. ഇന്നലെ വെളുപ്പിനെയാണ് മടവീണത്.
പ്രതീക്ഷയോടെ കൃഷി ഇറക്കിയ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ട്ടമാണ് ഉണ്ടായിരിക്കുന്നത്.ഏകദേശം മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബലമില്ലാത്ത സ്‌ളാബ് മതിലുകളാണ് വെള്ളപ്പൊക്കമില്ലാത്ത സമയത്ത് പോലും മടവീഴ്ചയുണ്ടാകാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്
കാര്‍ഷിക വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പാടശേഖരം സന്ദര്‍ശിച്ചു. മട അടച്ച് എത്രയും വേഗം ഇവിടെ കൃഷിയിറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൃഷിയിറക്കാനുള്ള നടപടികള്‍ ആലോചിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും കൃഷി ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റില്‍ കൂടും.
കൃഷിയിറക്കാനുള്ള വിത്ത് സൗജന്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് കൃഷി ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ബണ്ട് ബലപ്പെടുത്തുന്നതിനുള്ള നിര്‍മാണത്തില്‍ കൃഷിക്കാര്‍ അവലംബിക്കുന്ന പരമ്പരാഗത മാര്‍ഗങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് മന്ത്രി സൂചിപ്പിച്ചു.
കൃഷിക്കാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പൈല്‍ ആന്‍ഡ് സല്‍ബ് ഉപയോഗിച്ച് നിര്‍മിച്ച ബണ്ട് തകര്‍ന്നതിനെക്കുറിച്ച് കര്‍ഷകര്‍ മന്ത്രിയോട് പരാതിപ്പെട്ടു.
ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി അബ്ദുള്‍ കരീം എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."