ജീപ്പും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
വെഞ്ഞാറമൂട്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ജീപ്പും കെ.എസ്.ആര്.ടി.സി ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. എട്ടു പേര്‍ക്കു പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ വെഞ്ഞാറമൂട് മാരിയം മാരിയത്ത് പുത്തന്‍വീട്ടില്‍ സരോജിനി (60), ഇവരുടെ സഹോദരി ഭരതന്നൂര്‍ തോട്ടുമുക്ക് രജിതാ വിലാസത്തില്‍ സരസ്വതിയമ്മ (58) എന്നിവരാണ് മരിച്ചത്. സരസ്വതിയമ്മയുടെ ഭര്‍ത്താവ് കൃഷ്ണപിള്ള (65), മകന് സുജിത്ത്, മകളുടെ മക്കളായ അക്ഷര (ഏഴ്), അഷ്ടമി (മൂന്ന്), സഹോദരി ഗിരിജ (55), ഭര്‍ത്താവ് ശശി (62), അയല്‍വാസി അംബിക (58), ഡ്രൈവര്‍ സുജിത്ത് (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ എതിര്‍ദിശയില്‍നിന്നു വന്ന ബസ് നിയന്ത്രണംവിട്ട് ഇടിച്ചതായാണ് പറയുന്നത്. അപകടം നടന്നയുടന്‍ നാട്ടുകാരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും സരോജിനിയമ്മയുടെയും സരസ്വതിയമ്മയുടെയും ജീവന് രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മുന്‍ നെല്ലനാട് പഞ്ചായത്തംഗം നിഷ, ലേഖ (കൈരളി വിദ്യാഭവന്, നെടുമങ്ങാട്) എന്നിവരാണ് സരോജിനിയമ്മയുടെ മക്കള്‍. ഉദയകുമാര്‍, പത്മരാജ് എന്നിവര്‍ മരുമക്കളാണ്. രജിതയാണ് സരസ്വതിയമ്മയുടെ മകള്‍. മരുമകന്: ഷിബു (ഇന്ത്യന്‍ ആര്‍മി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."