കൊടുവള്ളിയില്‍ ഭിക്ഷാടനവും വീടുകളില്‍ കയറിയുള്ള കച്ചവടവും നിരോധിക്കുന്നു
കൊടുവള്ളി: നഗരസഭയില്‍ ഭിക്ഷാടനവും വീടുകളില്‍ കയറിയിറങ്ങിയുള്ള കച്ചവടവും നിരോധിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. യാചക വേഷത്തിലും വിവിധ കച്ചവടക്കാരായും വീടുകളിലെത്തുന്നവര്‍ പൊതുജനത്തിന്റെ സൈ്വര്യജീവിതത്തിനു ഭീഷണിയാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. ഇതിന് മുന്നോടിയായി പൊലിസ് മേധാവികള്‍, വ്യാപാരികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ, ക്ലബുകള്‍, മത-രാഷ്ട്രീയ-സാംസ്കാരിക, സാമൂഹിക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ വിപുലമായ യോഗം ചേരും. നഗരസഭയും പൊലിസും ചേര്‍ന്ന് ഹെല്പ് ഡെസ്ക്കും ആരംഭിക്കും.
വാര്‍ഡ്തല ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തും. പ്രധാന റോഡുകളിലും അങ്ങാടികളിലും വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. പാതയോരത്തെ കച്ചവടത്തിനും വാഹനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കച്ചവടത്തിനും നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
യോഗത്തില്‍ ചെയര്പേഴ്സന് ഷെരീഫ കണ്ണാടിപൊയില്‍ അധ്യക്ഷയായി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് വൈസ് ചെയര്മാന് എ.പി മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ പി. അനീസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."