നോട്ടു നിരോധന കാലത്തെ ചില മുടിവെട്ടു ചിന്തകള്‍
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില കൂട്ടുന്ന കാര്യത്തില്‍ നമ്മുടെ ജനാധിപത്യ രാജ്യത്ത് ഒരു നിയന്ത്രണവുമില്ലെന്നതാണ് പച്ചയായ സത്യം. അതൊക്കെ ഉല്‍പ്പാദകരുടെയും വിതരണക്കാരുടെയും സേവനദാതാക്കളുടെയും ഇഷ്ടത്തിനനുസരിച്ച് കൂട്ടാനുള്ള അധികാരമുണ്ടെന്നാണ് വയ്പ്. പൊതുവേ മാര്‍ക്കറ്റിലെ ലഭ്യതയ്ക്കനുസരിച്ച് വില കുറയാറുള്ള സാധനം മത്സ്യം മാത്രമാണ്. എന്നാല്‍ പത്ത് രൂപയ്ക്ക് പത്ത് അയല കിട്ടുന്ന കാലമായാലും ഊണിന് പൊരിച്ച അയല വാങ്ങുന്നവര്‍ക്ക് അതിന്റെ ആദായമൊന്നും ഹോട്ടലുകളില്‍ കിട്ടാറില്ല. ഇവിടെ മോദി നോട്ട് നിരോധനം കൊണ്ടുവന്ന് ആളുകള്‍ ആകെ പ്രയാസത്തിലായ തക്കം നോക്കി ചാര്‍ജ് വര്‍ധിപ്പിച്ച ഒരു സേവനം നോക്കണേ.
ബാര്‍ബര്‍ ഷാപ്പില്‍ സാധാരണ പൗരന് സാധാരണ രീതിയില്‍ മുടി വെട്ടാന്‍ നാട്ടുമ്പുറത്തായാലും നഗരത്തിലായും മിനിമം അന്‍പത് രൂപയായിരുന്നു. പൊടുന്നനെ അത് എഴുപതാക്കി. ഇവിടെ ആ ജോലിയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്കോ മറ്റോ വില കൂടിയതായി അറിവില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍ വില വര്‍ധനയുണ്ടായിട്ടുമില്ല. ഇതിപ്പം ചിലര്‍ യോഗം കൂടിയങ്ങ് തീരുമാനിച്ചു. തലയില്‍ മൂളയുള്ളവര്‍ മാത്രമല്ല മുടിയുള്ളവരും കുറഞ്ഞു വരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ കഷണ്ടിയുടെ ഏതോ ചില അതിരുകളില്‍ നാലു മുടി പൊടിച്ചവനും കൊടുക്കണം ഈ സംഖ്യ.
ഹിപ്പിക്കാരായ ചില ചെറുപ്പക്കാര്‍ മുടി പെണ്ണിനെപ്പോലെ കെട്ടിവച്ച് നടക്കുന്നത് കണ്ടാ ചിലര്‍ പറയും ഇവനൊക്കെ ബാര്‍ബര്‍ ഷാപ്പ് കണ്ടിട്ടെത്ര കാലായീന്ന്. അത് അബദ്ധധാരണയാണ് കേട്ടോ. ഈ ചങ്ങാതിമാരൊക്കെ ആഴ്ചയില്‍ ഒരു തവണയെങ്കിലും ബാര്‍ബര്‍ ഷാപ്പില്‍ ( ഇപ്പോ അങ്ങനെ പറയുന്നത് തന്നെ മോശമാണ്, വേറെ പല പേരുകളിലുമാണ് അത്തരം കടകള്‍ അറിയപ്പെടുന്നത്)സന്ദര്‍ശിക്കാറുണ്ട്. അതൊക്കെ ചില 'പിരാന്തന്‍' ചെക്കന്‍മാരുടെ കളിയായേ പഴമക്കാര്‍ക്ക് തോന്നൂ. ഏതെങ്കിലുമൊരു ചപ്പടാച്ചി സിനിമയിലെ നായകന്റെ തലയും മുഖവും മീശയും ഉടയാടകളുമെല്ലാം ഇപ്പോള്‍ ഫാഷനാണല്ലോ. താടി ഭക്തികൊണ്ടുള്ളതായിരുന്നു പണ്ടെങ്കില്‍ ഇന്നത് ഫാഷനായി മാറി.
ആത്മീയ ദീക്ഷയെ കളിയാക്കുന്നകോലക്കാരാണിന്ന് നാടെമ്പാടും. താടിയില്‍ വ്യാജനേത് ഒറിജിനലേതെന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ലെന്നര്‍ഥം. താടിയിലും മുടിയിലുമൊക്കെ അന്നം കാണുന്നവരേ പരിഹസിക്കുകയും അവരെ പ്രത്യേക ജാതിപ്പേരില്‍ അറിയപ്പെടുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു.
അന്ന് ആ പാവങ്ങളുടെ കാര്യം മഹാകഷ്ടമായിരുന്നുവെന്നതും സത്യമാണ്. ആ പണിയിലേര്‍പ്പെട്ടവന് നാട്ടില്‍ പെണ്ണുപോലും കിട്ടിയിരുന്നില്ല. അതൊക്കെ കാലം മാറ്റി. ഇന്ന് ജാതിമത- ലിംഗ വ്യത്യാസങ്ങളേതുമില്ലാതെ സര്‍വര്‍ക്കും ശോഭിക്കാനുള്ള പാര്‍ലറുകള്‍ നാട്ടിലെമ്പാടുമുണ്ട്. അത് ആണിനു വേറെ, പെണ്ണിന് വേറെ, കുട്ടികള്‍ക്ക് വേറെ.
ഇനി ഭിന്ന ലിംഗക്കാര്‍ക്കും വരാന്‍ പോകുന്നുവെന്നാണ് കേള്‍വി. തൊഴില്‍ അത് ഏതായാലും മഹത്തരം തന്നെ. തൊഴിലാളികളാണ് ഇന്ന് രാജാക്കന്‍മാര്‍. പണ്ട് തൊഴിലാളി ചൂഷണം സര്‍വത്ര നടമാടി. മാര്‍ക്‌സുപ്പാപ്പയും ഏഗല്‍സേട്ടനുമൊക്കെ സ്വപ്നം കണ്ട തൊഴിലാളി വര്‍ഗ സര്‍വാധിപത്യം വന്നതുകൊണ്ടൊന്നുമല്ല തൊഴിലാളി രാജാവായതെന്ന് ചിലര്‍ സമ്മതിക്കുമോ ആവോ. എന്നാലും മുതലാളിത്ത കമ്പോളലോകം തന്നെയാണ് കൂലി ഇങ്ങിനെ കൂട്ടിയതിനു പിന്നിലെന്ന് ചില വലതു വാദികള്‍ വാദിക്കുന്നത് തട്ടിക്കളയാനാവുമോ.
സംഗതി അങ്ങനെയൊക്കെയാണേലും നാട്ടുമ്പുറത്തെ മമ്മാലിക്കാക്ക് മുടി ഒന്നു ക്രോപ്പ് ചെയ്യണമെങ്കില്‍ തേങ്ങാ എത്ര വില്‍ക്കേണ്ടിവരുമെന്നാ വിചാരം. കല്‍പ്പവൃക്ഷക്കുരു എണ്ണം ഒന്നിന് മൂന്നോ നാലോ രൂപ. അപ്പം എഴുപത് ഉറുപ്യ തെകയ്ക്കാന്‍ എത്ര വേണ്ടിവരുമെന്ന് കണക്കു കൂട്ടിക്കോളൂ. താടി ഷൗരം സെല്‍ഫിയായി മൂപ്പര് നടത്തും. പക്ഷേ, തല നടക്കില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."