നിയമനം അധ്യാപക ബാങ്കില്‍ നിന്ന്; കെ.ഇ.ആര്‍ ഭേദഗതി നടപ്പാക്കിയാലും മാനേജർമാർക്ക് നിയമനം തുടരാം
എടച്ചേരി: വിദ്യാഭ്യാസ ചട്ടത്തില്‍ മന്ത്രിസഭ ഭേദഗതി വരുത്തി എയ്ഡഡ് സ്‌കൂളുകളിലെ നിയമനം അധ്യാപക ബാങ്കില്‍ നിന്നാക്കിയെങ്കിലും മാനേജര്‍മാര്‍ക്ക് നിയമനം തുടരാം. ന്യൂനപക്ഷേതര എയ്ഡഡ് സ്‌കൂളുകളിലെ നിയമനമാണ് അധ്യാപക ബാങ്കില്‍നിന്ന് ആക്കാന്‍ നിയമസഭ തീരുമാനിച്ചത്. ന്യൂനപക്ഷ സ്‌കൂളുകളില്‍ അധ്യാപക ബാങ്കില്‍നിന്ന് നിയമനം നടത്തുന്നതിനെതിരേ സുപ്രിം കോടതി വിധിയുണ്ട്. അതുകൊണ്ടാണ് ഈ വിഭാഗത്തില്‍പ്പെട്ട സ്‌കൂളുകള്‍ക്ക് പുതിയ നിബന്ധന ബാധകമല്ലാത്തത്. എയ്ഡഡ് സ്‌കൂളുകളില്‍ വിരമിക്കല്‍, ജോലിക്കയറ്റം, രാജി, മരണം എന്നിവ മൂലം വരുന്ന ഒഴിവുകളിലേക്ക് മാനേജര്‍ക്ക് തന്നെ നിയമനം നടത്താമെന്നതാണ് എല്ലാ നിയമനങ്ങളും മാനേജ്‌മെന്റിന്റെ കീഴിലാക്കുന്നത്.
കുട്ടികളുടെ എണ്ണക്കൂടുതല്‍ കാരണം ഡിവിഷന്‍ കൂടുകയും പുതിയ തസ്തിക സൃഷ്ടിക്കുകയുമാണെങ്കിലാണ് നിയമനം 1:1 എന്ന അനുപാതത്തില്‍ അധ്യാപക ബാങ്കില്‍ നിന്നും നടത്തേണ്ടത്. പല മാനേജ്‌മെന്റ് സ്‌കൂളുകളിലും 1979 മെയ് 22നുശേഷം അനുവദിച്ച സ്‌കൂളുകള്‍ക്കാണ് അധ്യാപക നിയമനം ബാങ്കില്‍നിന്നാകണമെന്ന നിബന്ധന പൂര്‍ണ അര്‍ഥത്തില്‍ ബാധകമാകുക. ഈ തിയതിക്കുശേഷം അനുവദിച്ചതോ, അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കാമെന്ന കരാര്‍ മാനേജ്‌മെന്റുകള്‍ ഒപ്പിട്ടിട്ടുണ്ട്. മെയ് 22നു മുന്‍പുള്ള സ്‌കൂളുകളില്‍ നിയമനം 1:1 എന്ന അനുപാതത്തിലാകണം. അതായത് ഒഴിവുണ്ടാകുന്ന ആദ്യ തസ്തിക ബാങ്കില്‍നിന്നും രണ്ടാമത്തെതില്‍ മാനേജ്‌മെന്റിനും നിയമനം നടത്താം. ഒഴിവുകളില്‍ പകുതി ബാങ്കില്‍ നിന്നാകുമെന്ന് ചുരുക്കം. സംരക്ഷിത അധ്യാപകരില്ലാത്ത സ്‌കൂളുകള്‍ക്കും നിബന്ധന ബാധകമാകും. ഭേദഗതിക്ക് 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും.
ജില്ലാതല ബാങ്കില്‍നിന്നാണ് മാനേജര്‍ നിയമനം നടത്തേണ്ടത്. ജില്ലാതലത്തില്‍ യോഗ്യരായ അധ്യാപകരില്ലെങ്കില്‍ മറ്റുജില്ലകളില്‍നിന്നാകണം നിയമനം.
3674 അധ്യാപകരാണ് ബാങ്കിലുണ്ടായിരുന്നത്. ഇവരില്‍ 700 ഓളം പേരെ പുനര്‍വിന്യസിച്ചിട്ടുണ്ട്. കോടതി ഉത്തരവനുസരിച്ചാണ് സര്‍ക്കാര്‍ പുനര്‍വിന്യാസം നടത്തിക്കൊണ്ടിരിക്കുന്നത്. ബാങ്കില്‍ നിലവിലുളളവരെ പൂര്‍ണമായും വിന്യസിച്ചു കഴിഞ്ഞാല്‍ പിന്നീട് നിയമനം മാനേജര്‍ക്ക് തന്നെ നടത്താം.
100 കുട്ടികളില്‍ കൂടുതലുള്ള യു.പി.150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പി. സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലും അധ്യാപക ബാങ്കില്‍ നിന്നേ നിയമനം നടത്താവൂ. ഒരു വര്‍ഷം മുതലുള്ള അവധികാലയളവിലേക്ക് നടത്തുന്ന നിയമനം, സംരക്ഷിത അധ്യാപകന്‍ മാതൃവിദ്യാലയത്തിലേക്ക് തിരികെപോയാല്‍ ഉണ്ടാകുന്ന ഒഴിവുനികത്തല്‍ എന്നിവയും ബാങ്കില്‍നിന്നുതന്നെയായിരിക്കണം.
നിയമനം നല്‍കുന്ന സംരക്ഷിത അധ്യാപകനെ സ്ഥലം മാറ്റാനോ, പിരിച്ചുവിടാനോ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കഴിയില്ല.
സ്റ്റാഫ് ഫിക്‌സേഷന്‍ എല്ലാവര്‍ഷവും നടത്തണമെന്നില്ല. തസ്തികനിര്‍ണയം വരും വര്‍ഷത്തേക്കും സര്‍ക്കാരിന് പ്രത്യേക ഉത്തരവിലൂടെ ബാധകമാക്കാം.കെ.ഇ.ആര്‍ ഭേദഗതി മന്ത്രിസഭ അംഗീകരിച്ച സ്ഥിതിക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. സബ്ജക്ട് കമ്മിറ്റി പരിഗണിച്ച ശേഷം ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ഭേദഗതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."