നല്ല നാളേയ്ക്കായി നാടൊന്നിക്കുന്നു
കല്‍പ്പറ്റ: ഹരിത കേരളം പദ്ധതി ജില്ലയില്‍ ഇന്ന് തുടങ്ങും. സംസ്ഥാന വ്യാപകമായുള്ള പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പനമരം എരനെല്ലൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. എരനെല്ലൂര്‍ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കുളമാണ് ജനകീയ പങ്കാളിത്തതോടെ ഹരിത കേരളത്തിന്റ ഭാഗമായി വൃത്തിയാക്കുക. ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷനാകും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും.
ഇതേ സമയം വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വ്യത്യസ്തവും അതീവ പ്രാധാന്യമുള്ളതുമായ പരിസ്ഥിതി സംരക്ഷണ ദൗത്യങ്ങളാണ് പ്രാദേശികാടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുക. അതതു വാര്‍ഡിലെ ജനപ്രതിനിധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഓരോ പഞ്ചായത്തിലും പദ്ധതിയെ ഏകോപിപ്പിക്കും. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലിസ് കേഡറ്റുകള്‍, ഗ്രന്ഥശാലകള്‍, ക്ലബുകള്‍, സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങി എല്ലാവരെയും പദ്ധതിയില്‍ പങ്കാളികളാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമങ്ങളുടെ സമഗ്രമായ പരിസ്ഥിതി സംരക്ഷണത്തിന് പ്രചോദനമാകുന്ന വിധത്തിലാണ് ഇവയെല്ലാം ക്രമീകരിക്കപ്പെടുക. ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."