പൊലിസിനെതിരേ ആദിവാസി ടീം ബൂട്ട് കെട്ടി; വിജയം കാക്കിപ്പടക്കൊപ്പം
ദേശീയ ഫുട്‌ബോള്‍ താരം ജാബിറിന്റെ ഓര്‍മയ്ക്കായാണ് മത്സരം സംഘടിപ്പിച്ചത്
കാളികാവ്: ജില്ലയിലെ ഏറ്റവുംവലിയ ആദിവാസി കോളനിയായ ചോക്കാട് നാല്‍പത് സെന്റിലെ മിടുക്കന്‍മാരും പൊലിസും തമ്മില്‍ കാല്‍പന്തുക്കളി പോരാട്ടം. അപകടത്തില്‍ മരണപ്പെട്ട മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ജാബിറിന്റെ ഓര്‍മ പുതുക്കാനായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. പള്ളിശ്ശേരി ഫ്‌ളഡ്‌ലൈറ്റ് മൈതാനിയിലായിരുന്നു മത്സരം.
ഫ്‌ളഡ്‌ലൈറ്റ് വെളിച്ചത്തില്‍ ആദ്യമായിട്ടാണ് കളിക്കുന്നതെങ്കിലും ആദിവാസി ടീം കാണികളുടെ മനം കവര്‍ന്നു. മുന്‍ കേരളാ പൊലിസ് ഗോള്‍ കീപ്പര്‍ മോഹന്‍ദാസ് കാത്ത ഗോള്‍വലയം ഭേദിക്കാന്‍ ആദിവാസി ടീമിനായില്ല. കളിയില്‍ വിജയം കാക്കിപ്പടക്കൊപ്പമായിരുന്നെങ്കിലും കളിയഴകിലും പന്തടക്കത്തിലും ചോക്കാട് ടീം മുന്നിട്ടുനിന്നു.
കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസര്‍ മത്സരം ഉദ്ഘാടനം ചെയ്തു. കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബുവില്‍ നിന്ന് ഏറ്റുവാങ്ങിയ ട്രോഫി ക്യാപ്റ്റന്‍ മോഹന്‍ദാസ് ആദിവാസികള്‍ക്ക് കൈമാറിയത് മറ്റൊരു മാതൃകയായി. കളിമികവിനുള്ള അംഗീകാരമായിട്ടാണ് ട്രോഫി ആദിവാസികള്‍ക്കായി സമര്‍പ്പിച്ചതെന്ന് പോലിസ് പറഞ്ഞു. കോളനിയിലെ വൈശാഖ്, രമേഷ്, ഷിബു, ശ്രീജിത്ത്, കണ്ണന്‍ രാഹുല്‍ നിഷാന്ത്, രാമേഷ്, പ്രഷാന്ത് തുടങ്ങിയവരാണ് ആദിവാസി ടീമില്‍ അണിനിരന്നത്. കാളികാവ് സ്റ്റേഷനിലെ ലിജിന്‍, ജയേഷ്, വിജയന്‍, രാരീഷ്, വിനോദ് എടക്കര സ്റ്റേഷനിലെ ജംഷദ്, ഷിഫിന്‍, കരുവാരക്കുണ്ട് സ്റ്റേഷനിലെ അന്‍സാര്‍, എടക്കര സ്റ്റേഷനിലെ ബിജു, നിലമ്പൂര്‍ സ്റ്റേഷനിലെ മോഹന്‍ദാസ് എന്നിവരാണ് കേരളാ പൊലിസ് ഇലവന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."